പേപ്പര്‍ ക്ഷാമം: ശ്രീലങ്കയില്‍ സ്‌കൂള്‍ പരീക്ഷകള്‍ റദ്ദാക്കി; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം

പേപ്പര്‍ ക്ഷാമം: ശ്രീലങ്കയില്‍ സ്‌കൂള്‍ പരീക്ഷകള്‍ റദ്ദാക്കി;  സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം

കൊളംബോ: കടലാസും മഷിയുമില്ലാത്തതിനാല്‍ അച്ചടി മുടങ്ങിയതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ സ്‌കൂളുകളില്‍ പരീക്ഷ മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് പരീക്ഷ മുടങ്ങാന്‍ ഇടയാക്കിയത്.

തിങ്കളാഴ്ച മുതല്‍ നടക്കാനിരുന്ന പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 1948-ല്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാത്തതിനാലാണ് പരീക്ഷകള്‍ മുടങ്ങാന്‍ കാരണമായതെന്ന് ആറു ദശലക്ഷം പേര്‍ താമസിക്കുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദേശ നാണയശേഖരം കാലിയായതോടെയാണ് ശ്രീലങ്കയില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാകാതെയായത്. അവശ്യവസ്തുക്കളുടെ ക്ഷാമവും തീവിലയുമായി പ്രതിസന്ധിക്കിടെ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ധനം അടക്കം വിദേശത്തുനിന്ന് ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ ആവശ്യമായ വിദേശനാണ്യം കാലിയായതാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാനായി ഭരണകൂടം ശ്രീലങ്കന്‍ രൂപയുടെ മൂല്യം 37 ശതമാനംവരെ കുറച്ചു. ഇന്ന് ലങ്കന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 260 രൂപയായാണ് കുറഞ്ഞത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് പോലെ ഉയര്‍ന്നു. ഇതുമൂലം ലങ്കയിലെ ഇന്ധന ഭീമന്മാരായ ലിട്രോ ഗ്യാസും ലോക്‌സ് ഗ്യാസുമെല്ലാം അടച്ചുപൂട്ടുന്ന സ്ഥിവരെയുണ്ടായി. ഇതിലേറെ രൂക്ഷമായത് നിത്യോപയോഗ വസ്തുക്കളുടെ വിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടമാണ്.

യുദ്ധകാലത്ത് പോലും കാണാത്ത തരത്തിലാണ് വിലവര്‍ധനയുണ്ടായത്. അരിക്കും പാലിനും തീവില. ഒരു കിലോ അരിക്ക് 448 ശ്രീലങ്കന്‍ രൂപയാണ് പുതിയ വില. ഏകദേശം 128 ഇന്ത്യന്‍ രൂപ വരുമിത്. പാല്‍ വില ലിറ്ററിന് 263 ലങ്കന്‍ രൂപ (ഏകദേശം 75 ഇന്ത്യന്‍ രൂപ). കുരുമുളകിന്റെ വില കിലോയ്ക്ക് 900 രൂപ. അരിക്കും പാലിനും മാത്രമല്ല മുഴുവന്‍ നിത്യോപയോഗ വസ്തുക്കള്‍ക്കും കുത്തനെ വിലകൂടി. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയിലെ ബേക്കറി അസോസിയേഷനായ ഓള്‍ സിലോണ്‍ ബേക്കറി ഓണേഴ്‌സ് അസോസിയേഷന്‍ ബ്രെഡ് വില കൂട്ടിയത്. ഒരു പാക്കറ്റ് ബ്രെഡിന് 130 വരെയാണ് പുതിയ വില. രാജ്യത്തെ പ്രമുഖ ഗോതമ്പ് ഇറക്കുമതിക്കാരാണ് പ്രൈമ. ഒരു കിലോ ഗോതമ്പിന് കമ്പനി 35 രൂപയാണ് കൂട്ടിയിരിക്കുന്നത്.

ലിറ്ററിന് 283 ലങ്കന്‍ രൂപയാണ് പുതിയ പെട്രോള്‍ വില. ഡീസലിന് 176 രൂപയും. ഇന്ധനക്ഷാമം രൂക്ഷമായതോടെ പെട്രോള്‍ പമ്പുകളിലെല്ലാം നീണ്ടനിരയാണ്. ഇത്രയും വില മുടക്കി ഓടിക്കാനുള്ള പ്രയാസംമൂലം നിരവധി വാഹനങ്ങള്‍ പാതയോരങ്ങളില്‍ നിര്‍ത്തിയിട്ടതു കാണാം. പൊതുഗതാഗത മാര്‍ഗമായി ആശ്രയിക്കുന്നത് ബസുകളാണ്. ബസ് നിരക്കും കൂട്ടുമെന്ന് അറിയിച്ചിരിക്കുകയാണ് ബസ് അസോസിയേഷനുകള്‍. പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് പലയിടത്തും ബേക്കറികളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി.

അതിനിടെ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ശ്രീലങ്കന്‍ ഭരണകൂടത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് രാജ്യത്ത് തുടരുന്നത്. പ്രതിപക്ഷം നയിക്കുന്ന പ്രക്ഷോഭമാണെങ്കിലും പ്രതിസന്ധി എല്ലാവരെയും ശക്തമായി ബാധിച്ചതിനാല്‍ പാര്‍ട്ടി ആഭിമുഖ്യമില്ലാത്ത സാധാരണക്കാരെല്ലാം തെരുവിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റിന്റെ സെക്രട്ടറിയേറ്റിലേക്ക് പ്രധാന പ്രതിപക്ഷ കക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനമാണ് നടന്നത്. പ്രസിഡന്റ് രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട സമരക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവും മുഴക്കി. ഇതിനിടെ പ്രതീകാത്മകമായി കുന്തത്തില്‍ ബ്രെഡ് കുത്തി ഒരു നാട്ടുകാരന്‍ നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.