ന്യൂഡല്‍ഹി: ജപ്പാന്‍ ഇന്ത്യയില്‍ 3,20,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ നടപ്പാക്കാനാണു ധാരണ. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനാണെന്ന് ഫ്യൂമിയോ കിഷിദ ചൂണ്ടിക്കാട്ടി.ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണ പദ്ധതികളുടെ പ്രാധാന്യം പ്രധാനമന്ത്രിമാര്‍ ആവര്‍ത്തിച്ചു.ഇന്ത്യയിലെത്തുന്ന ജപ്പാന്‍ കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും.
കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. രാജ്യങ്ങള്‍ തമ്മില്‍ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള ആറ് കരാറുകളില്‍ ഒപ്പുവച്ചു.സൈബര്‍ സുരക്ഷാ രംഗത്ത് സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ധാരണാപത്രം, പൊതുഗതാഗത സംവിധാനം, കുടിവെള്ള പദ്ധതികള്‍, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ രംഗത്തേക്കുള്ള 7 ജപ്പാന്‍ വായ്പ പദ്ധതികളുടെ കരാര്‍, വീടുകളിലെ മാലിന്യം സംസ്‌ക്കരിക്കാനുള്ള പദ്ധതി,വ്യവസായ രംഗത്തെ സഹകരണത്തിനുള്ള കരാര്‍,സുസ്ഥിര നഗര വികസന പദ്ധതികള്‍ക്കുള്ള കരാര്‍ എന്നിവയാണ് ആറു കരാറുകള്‍.
ഉക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്തണമെന്ന് ഇന്ത്യയും ജപ്പാനും ആവശ്യപ്പെട്ടു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് രാജ്യങ്ങള്‍ ഉറപ്പാക്കണം. ഭീകരപ്രവര്‍ത്തനം വേരോടെ പിഴുതെറിയുന്നതിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ഭീകരതയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണിയില്‍ പ്രധാനമന്ത്രിമാര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഫ്യൂമിയോ കിഷിദയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14 ാം പതിപ്പാണ് ഇന്നലെ നടന്നത്. കൂടാതെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികവും ആചരിക്കപ്പെടുന്നു.
'യുദ്ധം ഗുരുതര സംഭവവികാസം'
മോഡിയെ കണ്ടതിന് ശേഷം, ഫ്യൂമിയോ കിഷിദ പറഞ്ഞു: 'റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറ ഇളക്കിയ ഗുരുതര സംഭവവികാസമാണ്. ഞാന്‍ എന്റെ അഭിപ്രായം പ്രധാനമന്ത്രി മോഡിയോട് പറഞ്ഞിട്ടുണ്ട്. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ ഒരു മേഖലയിലും അനുവദിക്കരുതെന്ന് ഞാന്‍ അറിയിച്ചു.'
ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ വ്യക്തമാക്കിയ ജപ്പാന്റെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു യു.എസും യൂറോപ്പും കൈകോര്‍ത്ത് റഷ്യയുടെ നടപടികളെ അപലപിച്ചതും ഉപരോധം ഏര്‍പ്പെടുത്തിയതുമെന്നും കിഷിദ അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമമനുസരിച്ച് എല്ലാ പ്രശ്‌നങ്ങള്‍ക്കും സമാധാനപരമായ പരിഹാരം ആവശ്യമാണെന്ന് മോഡിയും താനും നിരീക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഈ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനായി ഇരു രാജ്യങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കൊപ്പം ജപ്പാനും വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിക്കുന്നു. നയതന്ത്രത്തിലൂടെ സംഘര്‍ഷം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചര്‍ച്ചയുടെ ഭൂരിഭാഗം സമയവും ഉക്രെയ്ന്‍ സാഹചര്യത്തെക്കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചതെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ വക്താവ് ഹികാരിക്കോ ഒനോ പറഞ്ഞു. 110 മിനിറ്റാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതെന്നും അവര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.