മീററ്റ് ബിഷപ്പ് ഫ്രാന്‍സിസ് കലിസ്റ്റ് ഇനി പോണ്ടിച്ചേരി കൂടലൂര്‍ ആര്‍ച്ച്ബിഷപ്പ് ; സ്ഥലം മാറ്റത്തോടൊപ്പം സ്ഥാനക്കയറ്റവും

 മീററ്റ് ബിഷപ്പ് ഫ്രാന്‍സിസ് കലിസ്റ്റ് ഇനി പോണ്ടിച്ചേരി കൂടലൂര്‍ ആര്‍ച്ച്ബിഷപ്പ് ; സ്ഥലം മാറ്റത്തോടൊപ്പം സ്ഥാനക്കയറ്റവും


വത്തിക്കാന്‍ സിറ്റി: തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നാല് സാമന്തരൂപതകളുള്ള പോണ്ടിച്ചേരി കൂടലൂര്‍ അതിരൂപതയുടെ മെത്രാപ്പോലിത്തയായി ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് നിയമിതനായി. ഉത്തര്‍പ്രദേശിലെ മീററ്റ് രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരിന്ന ബിഷപ് കലിസ്റ്റിനെ പോണ്ടിച്ചേരി കൂടലൂര്‍ അതിരൂപതയുടെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ഉത്തരവ് പുറത്തുവന്നു.

തമിഴ്‌നാട്ടിലെ റീത്താപുരത്ത് 1957 നവമ്പര്‍ 23 ജനിച്ചയാളാണ് ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് .1982 ഡിസമ്പര്‍ 30-ന് പൗരോഹിത്യം സ്വീകരിച്ചു. 2008 ഡിസംബര്‍ 3-ന് മീററ്റ് രൂപതയുടെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2009 ഫെബ്രുവരി 8-ന് മെത്രാനായി അഭിഷിക്തനായി.15250 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള പോണ്ടിച്ചേരി കൂടലൂര്‍ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 75.74 ലക്ഷത്തോളം ജനങ്ങളില്‍ കത്തോലിക്കരുടെ സംഖ്യ നാലു ലക്ഷത്തോളമാണ്.

അതിരൂപതയക്ക് 240 വൈദികരാണുള്ളത്. 311 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള അതിരൂപതയില്‍ 1,035 സമര്‍പ്പിത സഹോദരിമാരും സേവനമനുഷ്ഠിക്കുന്നു.ധര്‍മ്മപുരി, കുംഭകോണം, സേലം, തഞ്ചാവൂര്‍ എന്നിവയാണ് 1886-ല്‍ സ്ഥാപിതമായ പോണ്ടിച്ചേരി കൂടലൂര്‍ അതിരൂപതയുടെ സാമന്തരൂപതകള്‍.

യശശ്ശരീരനായ ആര്‍ച്ച്ബിഷപ്പ് അന്തോണി ആനന്ദരായരുടെ പിന്‍ഗാമിയായാണ് ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് പോണ്ടിച്ചേരി കൂടലൂര്‍ അതിരൂപതയുടെ സാരഥ്യമേല്‍ക്കുന്നത്. 2021 ജനുവരിയില്‍ റിട്ടയര്‍ ചെയ്ത ആര്‍ച്ച്ബിഷപ്പ് ആനന്ദരായര്‍ മെയ് മാസത്തില്‍ കോവിഡ് -19 ബാധിതനായി മരണമടഞ്ഞു.1935-ല്‍ ഷില്ലോങ്ങിലെ (ഇപ്പോള്‍ മേഘാലയ) സലേഷ്യന്‍ ബിഷപ്പ് ലൂയിസ് മത്യാസിനെ അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ മദ്രാസിലേക്ക് അയച്ച ശേഷം വടക്കേ ഇന്ത്യയില്‍ നിന്നുള്ള ബിഷപ്പുമാരെ തെക്കേ ഇന്ത്യയിലേക്ക് മാറ്റിയിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.