'പിണറായി മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാത്ത വ്യക്തി'; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

'പിണറായി മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാത്ത വ്യക്തി'; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

കോഴിക്കോട്: മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാന്‍ പിണറായി വിജയന് കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനരോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും. സിപിഎം അനുകൂലികളായ ആളുകളെ വരെ ദ്രോഹിക്കുന്നു. കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

നാളെ സമര മുഖത്തേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാന്‍ കോണ്‍ഗ്രസ് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈനിനെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം തുടരുന്നത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും സുധാകരന്‍ കോഴിക്കോട് പറഞ്ഞു.

അതിവേഗ പാതക്ക് ബദലായി ടൗണ്‍ ടു ടൗണ്‍ മാതൃകയില്‍ കേരള ഫ്‌ളൈ ഇന്‍ എന്ന വിമാന സര്‍വ്വീസ് കെ.സുധാകരന്‍ മുന്നോട്ട് വെച്ചു. കല്ലിടലിനെതിരെ സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പ്രതിഷേധം ഉയരുന്നതും മുഖ്യമന്ത്രിക്കെതിരെ സ്ത്രീകളടക്കം പരസ്യമായി രംഗത്ത് വരുന്നതിലും കോണ്‍ഗ്രസിനുള്ളത് വലിയ പ്രതീക്ഷ. ജനങ്ങളുടെ പ്രതിഷേധത്തിന്റെ മുന്നില്‍ നിന്ന് സര്‍ക്കാറിനെതിരായ വികാരം പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.

സര്‍ക്കാറിനെതിരെ പുതിയ സമരമുഖം തുറക്കുന്നതിനൊപ്പം സില്‍വര്‍ലൈനിന് ബദലും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നു. കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ് മാതൃകയില്‍ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള കേരള ഫ്‌ളൈ ഇന്‍ വിമാന സര്‍വ്വീസാണ് കെ സുധാകരന്‍ നിര്‍ദ്ദേശിക്കുന്നത്. സ്ഥലമേറ്റെടുക്കാതെ ഭാരിച്ച ചെലവ് ഒഴിവാക്കിയുളള ശരിയായ ബദലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ആയിരം കോടി മാത്രമെ ചെലവ് വരൂ എന്നാണ് കെപിസിസി അധ്യക്ഷന്‍ പറയുന്നത്. നേരത്തെ ചില വിദഗ്ധരും സില്‍വര്‍ലൈനിന് പകരം വിമാനസര്‍വ്വീസ് എന്ന ആശയം പറഞ്ഞിരുന്നു. എന്നാല്‍ സില്‍വര്‍ ലൈനില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം പതിവില്‍ കവിഞ്ഞുള്ള നഷ്ടപരിഹാര പാക്കേജ് വഴി ജനങ്ങളെ അനുകൂലമാക്കാമെന്നാണ് കണക്ക് കൂട്ടല്‍.

അതിവേഗ പാതയില്‍ പോര് തുടരുമ്പോള്‍ ഈ മാസം 31 ഓടെ കല്ലിടല്‍ തീര്‍ക്കാമെന്ന കെ റെയിലിന്റെ കണക്ക് കൂട്ടല്‍ തെറ്റിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.