ലണ്ടന്‍: ഉക്രെയ്ന്‍ പ്രതിസന്ധിയെപ്പറ്റിയുള്ള അഭിപ്രായപ്രകടനത്തിലേക്ക് ബ്രെക്സിറ്റിനെ വലിച്ചിഴച്ചു വിവാദ പ്രസ്താവന നടത്തി സ്വന്തം എംപിമാരില്‍ നിന്ന് ഉള്‍പ്പെടെ വിമര്‍ശനമേറ്റു വാങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഉക്രേനിയക്കാരെപ്പോലെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കും അതേ 'സഹജവാസന'യാണുള്ളതെന്നും ബ്രെക്സിറ്റില്‍ അതാണു പ്രകടമായതെന്നും പറഞ്ഞതാണ് വിമര്‍ശന വിഷയമായത്.
വടക്കന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളില്‍ നടത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. 'എല്ലാ സമയത്തും സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നത് ഉക്രെയ്‌നിലെ ജനങ്ങളെപ്പോലെ ഈ രാജ്യത്തെ ജനങ്ങളുടെയും സഹജവാസനയാണ്.'-അദ്ദേഹം പറഞ്ഞതിങ്ങനെ.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ഉടന്‍ തന്നെ ട്വിറ്ററില്‍ പ്രതികരിച്ചു: 'ബോറിസ്, നിങ്ങളുടെ വാക്കുകള്‍ ഉക്രേനിയക്കാരെയും ബ്രിട്ടീഷുകാരെയും സാമാന്യബുദ്ധിയുള്ള എല്ലാവരെയും വ്രണപ്പെടുത്തുന്നു.' യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിപ്പോന്നിരുന്നു ഗൈ വെര്‍ഹോഫ്സ്റ്റാഡ്, ബോറിസ് ജോണ്‍സന്റെ വാക്കുകളെ 'ഭ്രാന്തന്‍' അഭിപ്രായമെന്നാണ് വിശേഷിപ്പിച്ചത്. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി പറഞ്ഞു:'ജോണ്‍സണ്‍ അനാവശ്യമായി വിഭജനം സൃഷ്ടിക്കുകയാണ്.'
അതേസമയം, ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുറന്ന് ആവശ്യപ്പെട്ടത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിരുന്നു.ഈ വിഷയത്തിലെ ചൈനയുടെ നിലപാടില്‍ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.പുതിയ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ശ്രമമെന്നും തെറ്റായ വശത്തുനില്‍ക്കുന്നതിന്റെ പേരില്‍ ചൈന ഖേദിക്കേണ്ടിവരുന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചര്‍ച്ചകള്‍ തുടരുമ്പോഴും ഉക്രെയ്‌നില്‍ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. മരിയുപോള്‍ നഗരം പിടിക്കാനുള്ള നീക്കത്തിനിടെ 400 ഓളം പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന സ്‌കൂള്‍ കെട്ടിടം റഷ്യ ബോംബാക്രമണത്തില്‍ തകര്‍ത്തു. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്ന് ഉക്രെയ്ന്‍ വ്യക്തമാക്കി. തകര്‍ന്ന കെട്ടിടത്തിനുള്ള നിരവധിയാളുകള്‍ കുടുങ്ങി കിടക്കുകയാണ്. മരിയുപോള്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങുന്ന റഷ്യന്‍ സൈന്യം നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും തകര്‍ത്തു. ടാങ്കുകള്‍ ഉപയോഗിച്ചാണ് നഗരത്തില്‍ റഷ്യ ആക്രമണം നടത്തുന്നത്.
റഷ്യന്‍ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ ഇതുവരെ ഉക്രെയ്‌നില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ, റൊമാനിയ, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകള്‍ എത്തിയത് പോളണ്ടിലേക്കാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.