സിഡ്‌നിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ടു വയസുള്ള കുട്ടി മരിച്ചു

സിഡ്‌നിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ടു വയസുള്ള കുട്ടി മരിച്ചു

സിഡ്നി: ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടി മരിച്ചു. ന്യൂ സൗത്ത് വെയില്‍സ് തലസ്ഥാനമായ സിഡ്നിയിലെ വെസ്റ്റ്മീഡിലുള്ള കുട്ടികളുടെ ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കുട്ടിക്ക് കോവിഡ് ബാധിക്കുന്നതിനു മുന്‍പ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

ഇന്നലെ വൈകിട്ട് നാലു മണി വരെയുള്ള 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നാലു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേസമയം കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല

കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണെന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും ആക്ടിംഗ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ മരിയാന്‍ ഗേല്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് 5,730 പേരാണ് ഓസ്ട്രേലിയയില്‍ മരിച്ചത്. അതില്‍ കുട്ടികളുടെ എണ്ണം വളരെക്കുറവാണ്. വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായവരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയവരില്‍ ഏറെയും. കുട്ടികളെ ഈ രോഗം ഗുരുതരമായി ബാധിക്കുന്ന ഒന്നല്ല. കഴിഞ്ഞ ദിവസം മരിച്ച നാലു പേരില്‍ കുട്ടി ഒഴികെയുള്ളവര്‍ 70, 80, 90 വയസുകാരാണ്.

ന്യൂ സൗത്ത് വെയില്‍സില്‍ നിലവില്‍ 14,970 കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്. ഇത് ഒരാഴ്ച മുമ്പ് 8,911 ആയിരുന്നു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആകെ മരിച്ചവര്‍ 2027. കേസുകള്‍ വര്‍ധിച്ചതിനു കാരണം ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎ.2 ആണെന്ന് ഗവേഷകര്‍ പറയുന്നു.

1163 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 34 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഏപ്രിലില്‍ കോവിഡ് കേസുകള്‍ ഏറ്റവും ഉയരത്തിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഈസ്റ്ററോടെ കുറയാന്‍ തുടങ്ങും.

സംസ്ഥാനത്ത് അഞ്ചിനും 11-നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പകുതിയില്‍ താഴെ പേര്‍ക്ക് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ വീതം ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിലവില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26