പാര്‍ട്ടി കോണ്‍ഗ്രസില്‍ വെട്ടിലായി കോണ്‍ഗ്രസ് പാര്‍ട്ടി

പാര്‍ട്ടി കോണ്‍ഗ്രസില്‍ വെട്ടിലായി കോണ്‍ഗ്രസ് പാര്‍ട്ടി

ണ്ണൂരില്‍ നടക്കുന്നത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണെങ്കിലും അതിന്റെ പേരില്‍ കോലാഹലങ്ങള്‍ അരങ്ങേറുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. ഏപ്രില്‍ ആറ് മുതല്‍ 10 വരെ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ശശി തരൂര്‍ എംപി, കെ.വി തോമസ് എന്നിവരെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയത്.

'മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഏപ്രില്‍ ഏഴിന് സംഘടിപ്പിക്കുന്ന സെമിനാറില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് തരൂരിന് ക്ഷണം. 'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം' എന്ന വിഷയത്തില്‍ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

ബദ്ധശത്രുക്കളുടെ പാര്‍ട്ടി പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വിലക്ക് ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡുമായി നേരിട്ട് ബന്ധമുള്ള ഇരു നേതാക്കളും സുധാകരന്റെ മുന്നറിയിപ്പിനെ കാര്യമായി ഗൗനിക്കാത്തതാണ് കോണ്‍ഗ്രസില്‍ ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയത്.

സോണിയാ ഗാന്ധിയില്‍ നിന്നും നേരിട്ട് സമ്മതം വാങ്ങി പരിപാടിയില്‍ സംബന്ധിക്കാനുള്ള നീക്കമാണ് ഇരു നേതാക്കളും നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടെന്ന് സോണിയ തരൂരിനെയും കെ.വി തോമസിനെയും അറിയിച്ചതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും കെപിസിസിയുടെ വിലക്ക് ലംഘിച്ച് പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം.

സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞിരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തിന്റെ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണം. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കുന്ന സിപിഎം കോണ്‍ഗ്രസിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും തരൂര്‍ ന്യായീകരിച്ചിരുന്നു.


കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച് തരൂര്‍ അടുത്തയിടെ കെപിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. തിരുവനന്തപുരത്തെ ലുലു മാള്‍ ഉദ്ഘാടനച്ചടങ്ങില്‍ വികസന നായകനെന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതും വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസിന്റെ ഭാഗമായി നിന്നുകൊണ്ട് പാര്‍ട്ടി നയത്തിനെതിരായ സമീപനം സ്വീകരിക്കുന്നതില്‍ അപ്പോള്‍ തന്നെ കെ.സുധാകരന്‍ തരൂരിനെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

കെ.വി തോമസാകട്ടെ കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ്. മുതിര്‍ന്ന നേതാവായ തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്നതാണ് തോമസിന്റെ പരാതി. പുതുതായി ഒഴിവു വന്ന രാജ്യസഭാ സീറ്റില്‍ നോട്ടമിട്ട അദ്ദേഹം സംസ്ഥാന നേതൃത്വത്തിന്റെ അവഗണന മറികടക്കാന്‍ സോണിയ ഗാന്ധിയെ നേരിട്ട് കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇക്കാര്യത്തില്‍ തികച്ചും അസ്വസ്ഥനാണ് കെ.വി തോമസ്.

കോണ്‍ഗ്രസിലെ വിമത വിഭാഗമായ ജി 23 യില്‍ അംഗമായ ശശി തരൂരും ഹൈക്കമാന്‍ഡുമായി ഇപ്പോള്‍ അത്ര രസത്തിലല്ല. എന്നിരുന്നാലും സോണിയാ ഗാന്ധിയുടെ വിലക്ക് മറികടന്ന് ഇരുവരും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്.

ഇരു നേതാക്കളും പങ്കെടുത്താലും ഇല്ലെങ്കിലും ഈ നീക്കത്തിലൂടെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പ് അല്‍പം കൂടി രൂക്ഷമാക്കാന്‍ സാധിച്ചു എന്നതാണ് സിപിഎമ്മിന് ഇതുകൊണ്ടുണ്ടായ നേട്ടം. കെ.മുരളീധരന്‍ ശക്തമായി തരൂരിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ മൃദുവായ ഭാഷയിലാണെങ്കിലും വി.ഡി സതീശനും തരൂരിനെതിരെ രംഗത്തു വന്നു.

കേരളത്തില്‍ കത്തിപ്പടരുന്ന കെ റെയില്‍ സമരത്തിനിടെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചെറിയൊരു പൊട്ടിത്തെറിക്ക് വഴിമരുന്നിടാന്‍ സാധിച്ചെന്ന ആശ്വാസത്തിലാണ് സിപിഎം. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ സ്വാഗതം അല്ലെങ്കില്‍ പാപ്പരത്തമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.