വത്തിക്കാന്‍ ന്യൂസ്: മനുഷ്യന്റെ ഭൂതകാല വീഴ്ചകളില്‍ മനസ്സിരുത്താതെ ഭാവി പ്രകാശമാനമാക്കാനുള്ള ആത്മവിശ്വാസത്തില്‍ ശ്രദ്ധയൂന്നുന്നതാണ് ദൈവ പരിപാലനയുടെ സവിശേഷതയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫലം കായ്ക്കാത്ത അത്തി മരത്തിന് അധിക സമയം അനുവദിക്കുന്ന കനിവിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ് മനഃപരിവര്‍ത്തനത്തിനായുള്ള നോമ്പുകാലത്തെ യേശുവിന്റെ ക്ഷണം സ്വീകരിക്കണമെന്ന് ഞായറാഴ്ച പ്രസംഗത്തില്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
പാപത്തിനു വിട നല്‍കി സുവിശേഷത്തിന്റെ യുക്തിയെ തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്തുകൊണ്ട് മനഃപരിവര്‍ത്തനത്തിലേക്കു വരാനാണ് യേശു നമ്മെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.അപ്രകാരം സ്‌നേഹവും സാഹോദര്യവും വാഴുന്നിടത്ത് തിന്മയ്ക്ക് ശക്തിയില്ലാതാകും.മനുഷ്യര്‍ക്കുണ്ടാകുന്ന ദുരന്തങ്ങള്‍ക്കു കാരണം അവരുടെ തന്നെ മുന്‍കാല ചെയ്തികളാണോയെന്ന സംശയം ഉന്നയിക്കപ്പെട്ട സുവിശേഷ ഭാഗത്തെ അധികരിച്ചായിരുന്നു മാര്‍പാപ്പയുടെ വചന സന്ദേശം. .
മോശം വാര്‍ത്തകള്‍ക്കു പ്രാമുഖ്യം ലഭിക്കുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നും ഇതേ ചോദ്യങ്ങള്‍ തീവ്രമാണ്. യുദ്ധത്തിനും മഹാമാരിക്കും പിന്നിലുള്ളത് ദൈവിക ശിക്ഷയാണെന്ന് പലരും കരുതുന്നു. എന്തുകൊണ്ടാണ് കര്‍ത്താവ് ഇടപെടാത്തതെന്ന് അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നുവെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
തിന്മ നമ്മെ ഭാരപ്പെടുത്തുമ്പോള്‍ നാം അധിക ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. കാരണം നമുക്ക് സാഹചര്യത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നഷ്ടപ്പെടാം. സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് എളുപ്പമുള്ള ഉത്തരം തേടുകയും ചെയ്‌തേക്കാം. നമ്മുടെ തെറ്റുകള്‍ക്കും നിര്‍ഭാഗ്യങ്ങള്‍ക്കും ദൈവത്തെ കുറ്റപ്പെടുത്തുക പോലും ചെയ്യും. അതേസമയം, ദൈവം തന്റെ ഇഷ്ടം അടിച്ചേല്‍പ്പിച്ച് മനുഷ്യ കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും മറിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മനസിലാക്കുകയാണു പ്രധാനം.
'നമ്മുടെ തിന്മകള്‍ക്ക് ദൈവത്തെ കുറ്റപ്പെടുത്തുന്ന ആശയത്തെ യേശു ശക്തമായി എതിര്‍ത്തു.ദൈവം ഒരിക്കലും അക്രമം ഉപയോഗിക്കുന്നില്ല. പകരം നമുക്കു വേണ്ടി ബുദ്ധിമുട്ടുകയാണു ചെയ്യുന്നത്. കൂടുതല്‍ തെറ്റ് ചെയ്തവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന നിരീക്ഷണം യേശു തള്ളിക്കളയുന്നു.'ദൈവത്തില്‍ നിന്ന് ഒരിക്കലും തിന്മ വരാന്‍ കഴിയില്ലെന്ന് മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞു, കാരണം 'അവന്‍ നമ്മുടെ പാപങ്ങള്‍ക്കനുസൃതമായി നമ്മോട് ഇടപെടുന്നില്ല' (സങ്കീര്‍ത്തനം 103:10). മറിച്ച് അവന്റെ കാരുണ്യം മാത്രമാണ് അതിനു പ്രേരകമാകുന്നത്.
ആ ക്ഷമ സ്‌നേഹനിര്‍ഭരം
സ്വയം ഉള്ളിലേക്ക് നോക്കാനുള്ള യേശുവിന്റെ ആഹ്വാനം തിരിച്ചറിയേണ്ടതുണ്ടെന്ന് മാര്‍പ്പാപ്പ അനുസ്മരിച്ചു.അപ്രകാരം ചെയ്താല്‍ നമ്മുടെ ബന്ധങ്ങളുടെ ശിഥിലീകരണത്തിന് പാപങ്ങള്‍ കാരണമായതു നമുക്കു തിരിച്ചറിയാനാകും. അക്രമം തിന്മയെ അഴിച്ചുവിടുന്നത് എങ്ങനെയെന്നും നമുക്ക് കാണാന്‍ കഴിയും. നിര്‍ണായകമായത് ഒരേയൊരു പരിഹാരമാണ്: യേശു പറഞ്ഞതുപോലെ പരിവര്‍ത്തനം. 'നിങ്ങള്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിച്ചുപോകും' (ലൂക്കാ 13:5).
മനഃപരിവര്‍ത്തനത്തിനായുള്ള നോമ്പുകാലത്തെ യേശുവിന്റെ ക്ഷണം നിര്‍ണ്ണായകമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇത് സ്വയം പരിവര്‍ത്തനത്തിലേക്ക് ഹൃദയം തുറക്കാനും തിന്മയില്‍ നിന്ന് തിരിയാനും പാപം ത്യജിക്കാനും സുവിശേഷത്തിന്റെ യുക്തി സ്വീകരിക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. 'സ്‌നേഹവും സാഹോദര്യവും വാഴുന്നിടത്ത്, തിന്മയ്ക്ക് കൂടുതല്‍ ശക്തിയില്ല!'
മനഃപരിവര്‍ത്തനത്തിനുള്ള മോഹം പലപ്പോഴുമുണ്ടാകുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കുക എളുപ്പമല്ല. ഒരേ തെറ്റുകളും പാപങ്ങളുമാകാം ആവര്‍ത്തിക്കപ്പെടുന്നത്. അവയെ ഉപേക്ഷിക്കുന്ന ഘട്ടമെത്തുമ്പോഴാകട്ടെ നിരുത്സാഹ പ്രവണതയാകും മിക്കപ്പോഴും. ഇതിനിടയിലും ദൈവം നമുക്കുവേണ്ടി പുലര്‍ത്തുന്ന വലിയ ക്ഷമ, ഫലം കായ്ക്കാനുള്ള സാധ്യത അവശേഷിപ്പിക്കുന്ന അത്തി മരത്തിന്റെ ഉപമയിലൂടെ വിവരിക്കപ്പെടുന്നു. മാര്‍പ്പാപ്പ പറഞ്ഞു: 'കര്‍ത്താവ് നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്; നമുക്ക് കൂടുതല്‍ സമയം നല്‍കുന്നു. ഹൃദയത്തിനു മടുപ്പ് നഷ്ടമാകാതെ അവിടത്തോടുള്ള ആര്‍ദ്രമായ ആശ്രയം രൂഢമൂലമാകാന്‍.'
'സഹോദരരേ, ദൈവം നമ്മില്‍ വിശ്വസിക്കുന്നു! അവിടുന്ന് നമ്മെ വിശ്വസിക്കുകയും ക്ഷമയോടെ നമ്മെ ഒപ്പമാക്കുകയും ചെയ്യുന്നു. നമ്മുടെ പേരില്‍ ദൈവം നിരുത്സാഹപ്പെടുന്നില്ല. പക്ഷേ എപ്പോഴും നമ്മില്‍ പ്രത്യാശ വളര്‍ത്തുന്നു. ദൈവം പിതാവാണ്; പിതാവായിത്തന്നെ നമ്മെ പരിപാലിക്കുന്നു. ഏറ്റവും നല്ല പിതാവ് എന്ന നിലയില്‍, നാം ഇതുവരെ എത്താത്ത നേട്ടങ്ങളിലേക്കല്ല ദൈവം നോക്കുന്നത്, ഇനിയും കരഗതമാക്കാന്‍ സാധിക്കുന്ന ഫലങ്ങളിലേക്കാണ്. നമ്മുടെ പോരായ്മകളുടെ ചരിത്രം അവിടുന്ന് സൂക്ഷിക്കുന്നില്ല. പക്ഷേ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, മറിച്ച് നമ്മുടെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസത്തോടെ കാത്തിരിക്കാന്‍ തയ്യാറാകുന്നു'.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26