'നാഗരികതയുടെ യഥാര്‍ത്ഥ പടയോട്ടം വിശപ്പിനും ദാഹത്തിനും എതിരെയാകണം': ഫ്രാന്‍സിസ് മാര്‍പ്പാപ്പ

'നാഗരികതയുടെ യഥാര്‍ത്ഥ പടയോട്ടം വിശപ്പിനും ദാഹത്തിനും എതിരെയാകണം': ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: ആയുധങ്ങള്‍ക്കായി പണമൊഴുക്കുന്നതവസാനിപ്പിച്ച് വിശപ്പിനും ദാഹത്തിനുമെതിരായി നാഗരികതയുടെ യഥാര്‍ത്ഥ പടയോട്ടം നടത്തേണ്ട കാലമാണിതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 'I was thirsty' എന്ന സന്നദ്ധ സംഘടന സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവും ലോക ജലദിനാചരണവും പ്രമാണിച്ച് സംഘടനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

'ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തവര്‍ക്ക് അതെത്തിക്കാനുള്ള, സംഘടനുടെ വ്യക്തവും അടിയന്തിരവുമായ ലക്ഷ്യത്തിന് ' പാപ്പാ നന്ദി പറഞ്ഞു. വെള്ളത്തിന്റെ ലഭ്യത, പ്രത്യേകിച്ച് ശുദ്ധജല ലഭ്യത, ജനതകള്‍ക്കിടയിലെ സമാധാനത്തിനും ഹാനികരമായിട്ടുണ്ട്. ഇത് സകലരേയും ബാധിക്കുന്ന ഒന്നാണെങ്കിലും വളരെ പ്രത്യേകമായി ആഫ്രിക്കയില്‍, ജല ദൗര്‍ലഭ്യം മൂലം മറ്റുള്ളവരേക്കാള്‍ അധികം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ ധാരാളമാണ്. ഇക്കാരണത്താലാണ് 'I was thirsty' അവരുടെ മാനവിക പദ്ധതികള്‍ ആഫ്രിക്കയിലും, അത്തരത്തിലുള്ള വിവിധ പ്രദേശങ്ങളിലും നടപ്പാക്കിയത്. പ്രാദേശിക സമൂഹങ്ങളും മിഷനറിമാരും സഭയും ഒത്ത് സഹകരിച്ചാണ് അതു ചെയ്യുന്നതെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

'എനിക്കു ദാഹിച്ചു നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു ' എന്നും ' എന്റെ ഈ സഹോദരരിലെ എളിയവരില്‍ ഒരാള്‍ക്ക് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് ' എന്നുമുള്ള യേശുവിന്റെ വചനങ്ങളില്‍ നിന്നാണ് 'I was thirsty' എന്ന സംഘടനയുടെ രൂപീകരണം. 'കുടിക്കാന്‍ ഒരുപാട് വെള്ളമുള്ളപ്പോള്‍ ദാഹം വേദനിപ്പിക്കില്ല. എന്നാല്‍ അതില്ലാതാകുകയും അതിന്റെ അഭാവം ദീര്‍ഘകാലത്തേക്കു തുടരുകയും ചെയ്യുമ്പോള്‍ ദാഹം അസഹനീയമാകുമെന്ന് നമുക്കറിയാം. ഭൂമിയില്‍ ജീവന്‍ ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്, മനുഷ്യരായ നമ്മടേതും. നമുക്കെല്ലാവര്‍ക്കും ജീവിക്കാന്‍ സഹോദരിയായ ജലം ആവശ്യമാണ്.'

എന്തിന് യുദ്ധം

ഈ ചിന്തകളോടെ ഒപ്പം ചേര്‍ത്താണ് സംഘര്‍ഷങ്ങള്‍ അധികരിക്കുന്നതിലുള്ള വ്യാകുലത പാപ്പാ പങ്കുവച്ചത്. 'പരസ്പരം സംസാരിച്ച് പരിഹരിക്കാവുന്ന തര്‍ക്കങ്ങളുടെ പേരില്‍ നാം എന്തിനാണ് പരസ്പരം യുദ്ധം ചെയ്യുന്നത് ? പകരം, നാഗരികതയുടെ യഥാര്‍ത്ഥ പടയോട്ടം നടത്തേണ്ട വിശപ്പിനും ദാഹത്തിനുമെതിരെ, രോഗത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ, ദാരിദ്യത്തിനും ആധുനിക അടിമത്തത്തിനുമെതിരെ പോരാടാന്‍ ശക്തികളെയുംവിഭവങ്ങളേയും എന്തുകൊണ്ട് ഒരുമിപ്പിച്ചുകൂടാ? '


ആയുധങ്ങള്‍ക്കായി വീണ്ടും വീണ്ടും പണം ചെലവഴിക്കുന്നത് 'ആത്മാവിനെ മലിനമാക്കുന്നു, ഹൃദയത്തെ മലിനമാക്കുന്നു, മനുഷ്യകുലത്തെ മലിനമാക്കുന്നു' എന്ന ഒരു മനസ്സാക്ഷി രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഊന്നി പറഞ്ഞു.രാജ്യങ്ങളുടെ ചെലവിന്റെ വലിയൊരു ഭാഗം ആയുധങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതുപോലുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ നിഷ്പക്ഷമയവയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ അഭിപ്രായപ്പെട്ടു. അത്യാവശ്യങ്ങളില്‍ നിന്നാണ് അതിനായി തുക വകമാറ്റുന്നത്.

'എല്ലാറ്റിനേയും എല്ലാവരെയും പിന്നോട്ട് കൊണ്ടു പോകുന്ന യുദ്ധത്തിന്റെ പഴയ ദുശ്ശീലത്തിലേക്കും, ആയുധ ശക്തിയുടെ തന്ത്രത്തിലേക്കും നമ്മള്‍ വീണ്ടും മടങ്ങുകയാണെങ്കില്‍ ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ, ഭൂമിയുടെ അപചയത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ എന്താണര്‍ത്ഥം?' പാപ്പാ ചോദിച്ചു.

ലോകത്തിന്റെ വലിയ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ 'I was thirsty' എന്ന സംഘടന തീര്‍ച്ചയായും എളിയതാണ്. 'എന്നാല്‍ അത് വളരെ നിര്‍ണ്ണായകമായ ലക്ഷ്യത്തിനായി, നന്നായി, ശരിയായ വിധം പ്രവര്‍ത്തിക്കുന്നു.' അവര്‍ക്കും ഇറ്റലിയിലും ലോകത്തിലുമുള്ള ഇതര സന്നദ്ധ സേവന സംഘടനകള്‍ക്കും പാപ്പാ നന്ദി പറഞ്ഞു. അവരുടെ പ്രതിബദ്ധത തുടര്‍ന്നു കൊണ്ടു പോകാന്‍ ആശംസ നേര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.