ചിക്കാഗോ: ഉക്രയിനിനു പിന്തുണ അറിയിച്ചുകൊണ്ട് ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രലിലെ പത്താം ക്ലാസ് സൺഡേ സ്കൂൾ വിദ്യാർത്ഥികൾ. മിഷനറിപ്രവർത്തനം എന്ന വിഷയം ക്ലാസ്സിന്റെ പ്രമേയമാക്കി സ്വീകരിച്ചിരിക്കുന്ന ഈ കുട്ടികൾ തങ്ങളുടെ ആശയത്തെ പിന്തുണയ്ക്കുന്ന പ്രവർത്തിയിലൂടെ സമൂഹശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സെന്റ് പാട്രിക് ഡേയുടെ അന്ന് നടത്തിയ ബെയ്ക് സെയിലിലൂടെ ഉക്രയിനിൽ കഷ്ടതയനുഭവിക്കുന്നവരോടുള്ള തങ്ങളുടെ അനുഭാവം പങ്ക് വയ്ക്കുകയായിരുന്നു അവർ.
കേക്കുകൾ,കപ്പ് കേക്കുകൾ, കുക്കി തുടങ്ങി ബേക്ക് ചെയ്ത മധുര പലഹാരങ്ങളാണ് കുട്ടികൾ വില്പനയ്ക്ക് വച്ചത്. 'ഏതെടുത്താലും രണ്ട് ഡോളർ' എന്ന കണക്കിന് വില്പനയ്ക്ക് വച്ച ഭക്ഷണ സാധനങ്ങൾ, ഇടവക സമൂഹത്തിന്റെ പൂർണ്ണ പിന്തുണയേറ്റപ്പോൾ വിറ്റഴിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് അന്വര്ഥമാക്കുന്നതായിരുന്നു കുട്ടികളുടെ ഈ ശ്രമം. സൺഡേ സ്കൂൾ അധ്യാപകരുടെയും പൂർണ്ണ സഹായവും പിന്തുണയും ഇക്കാര്യത്തിൽ കുട്ടികൾക്കുണ്ടായിരുന്നു.
കുട്ടികളുടെ ഉത്സാഹവും സമൂഹത്തിന്റെ പൂർണ്ണ പിന്തുണയും ചേർന്നപ്പോൾ സമാഹരിച്ചത് 2300 ഡോളറാണ്. സമാഹരിച്ച തുക മുഴവൻ CNEWAയുടെ ഉക്രൈനിലെ പ്രത്യേക ക്യാമ്പയിനെ പിന്തുണയ്ക്കാനായിരിക്കും ഉപയോഗിക്കുക. യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന ഷെപ്റ്റിറ്റ്സ്കി ആശുപത്രി, അഭയാർത്ഥി കുടുംബങ്ങൾക്കായി കേന്ദ്രങ്ങൾ തുറന്നിരിക്കുന്ന ഉക്രേനിയൻ-ഗ്രീക്ക് കത്തോലിക്കാ രൂപതകൾ, കാരിത്താസ് ഉക്രെയ്ൻ, നിരവധി സന്യാസ സഭകൾ, ലിവിവിലെ ഉക്രേനിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ പിന്തുണയുള്ള അഭയാർത്ഥി കേന്ദ്രങ്ങൾ എന്നീ മേഖലകളിലായിരിക്കും സമാഹരിച്ച പണം ഉപയോഗപ്പെടുത്തുക.
മിഡിൽ ഈസ്റ്റ്, വടക്ക് കിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ , ദാരിദ്ര്യവും യുദ്ധവും കുടിയൊഴിപ്പിക്കലും നിരപരാധികളുടെ ജീവിതങ്ങളെ തകർക്കുന്ന മേഖലകളിലാണ് കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ (CNEWA) പ്രവർത്തിക്കുന്നത്. 1926-ൽ സ്ഥാപിതമായ CNEWA, ആഗോളതലത്തിൽ പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് ഫണ്ട് നൽകുന്ന ഒരു പേപ്പൽ ഏജൻസിയാണ്.
ചിക്കാഗോ കത്തീഡ്രൽ വികാരി ഫാ തോമസ് കടുകപ്പിള്ളിക്കും അസിസ്റ്റന്റ് വികാരി ഫാ മെൽവിൻ മംഗലത്തിനുമൊപ്പം മതാധ്യാപകരായ ജോ കണിക്കുന്നേൽ, നിഷ മാത്യൂസ് എറിക് എന്നിവരും എല്ലാ പിന്തുണയും പ്രോത്സാഹനവും ആവശ്യമായ എല്ലാ സഹായങ്ങൾ ചെയ്തുകൊടുത്തും കുട്ടികളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ജെന്നി വള്ളികുളം വിദ്യാർത്ഥികൾക്ക് നേതൃത്വം കൊടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.