കീവ്: രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയുടെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നു രക്ഷപെട്ട വീരനായകന്‍ ബോറിസ് റൊമാന്‍ചെങ്കോ ഉക്രെയ്നിലെ ജന്മനഗരമായ ഖാര്‍കിവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിറ്റ്‌ലര്‍ അഴിച്ചുവിട്ട ഭീകരത മറികടക്കാന്‍ കഴിഞ്ഞ റൊമാന്‍ചെങ്കോ(96)വിന് പുടിന്റെ സൈന്യം നടത്തിയ ആക്രമണത്തെ അതിജീവിക്കാനായില്ല.
ബോറിസ് താമസിച്ചിരുന്ന ബഹുനില മന്ദിരത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിലാണ് മരണം സംഭവിച്ചത്.ബോറിസിന്റെ മരണം കൊച്ചുമകളാണ് ലോകത്തെ അറിയിച്ചത്. നാസി ഭീകരതയില്‍ നിന്ന് രക്ഷപ്പെട്ടവരുടെ കൂട്ടായ്മയും ബോറിസിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.'ഉക്രെയ്‌നിനോട് ജര്‍മ്മനിക്ക് പ്രത്യേക ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹത്തിന്റെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു,' ഡെപ്യൂട്ടി സ്പീക്കര്‍ കാട്രിന്‍ ഗോറിംഗ്-എക്കാര്‍ഡ് പറഞ്ഞു.
ഉക്രെയ്നില്‍ മരിച്ച ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ബോറിസ് റൊമാന്‍ചെങ്കോ- ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. 'അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനും ഉക്രെയ്‌നിലും പുറത്തുമുള്ള ആളുകളെ സഹായിക്കാനും ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് അപഹരിക്കപ്പെട്ട ഓരോ ജീവിതവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.' ജര്‍മ്മനി ഉക്രെയ്‌നിനോട് ഐക്യദാര്‍ഢ്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് റഷ്യന്‍ നയത്തിന്റെ ക്രിമിനല്‍ സ്വഭാവം പ്രകടമാക്കുന്ന റൊമാന്‍ചെങ്കോയുടെ മരണത്തിലുടെ വ്യക്തമാകുന്ന'തായി ധനമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡര്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ ബുചെന്‍വാള്‍ഡ്, ഡോറാ മിറ്റെല്‍ബാവു ക്യാമ്പുകളിലാണ് ബോറിസ് കഴിഞ്ഞിരുന്നത്. സോവിയറ്റ്യൂണിയന്റെ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട് അനുഭവിച്ച വ്യക്തി.1937ലാണ് ജര്‍മ്മനി വെയ്മറിനടുത്ത് ബുചെന്‍വാള്‍ഡില്‍ തടവുപുള്ളികള്‍ക്കായി ക്യാമ്പുകള്‍ തുറന്നത്.
ഉക്രെയ്നിലെ ബോണ്ടാരിയില്‍ 1926 ജനുവരി 20നാണ് ബോറിസ് റൊമാന്‍ചെങ്കോ ജനിച്ചത്. 1942ല്‍ ജര്‍മ്മനിയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹത്തിന് ഖനികളില്‍ അടിമവേല ചെയ്യേണ്ടിവന്നിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ബോറിസിനെ ബുച്ചെന്‍വാല്‍ഡ് ക്യാമ്പിലെത്തിക്കുകയായിരുന്നു. 53,000 പേര്‍ കൊല്ലപ്പെട്ട കാലയളവിനെ അതിജീവിച്ച യുവാവാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം സ്വന്തം നാട്ടില്‍ കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.