പുടിന്റെ രഹസ്യകാമുകി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒളിവില്‍? പുറത്താക്കണമെന്ന് സ്വിസ് പൗരന്മാര്‍

പുടിന്റെ രഹസ്യകാമുകി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒളിവില്‍? പുറത്താക്കണമെന്ന് സ്വിസ് പൗരന്മാര്‍

ബേണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ രഹസ്യകാമുകിയെന്നു വിശേഷിക്കപ്പെടുന്ന, ജിംനാസ്റ്റിക്‌സ് താരവും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമായ അലീന കബേവയെ റഷ്യയിലേക്കു തിരിച്ചക്കണമെന്ന് ആവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രക്ഷോഭം. അലീന കബേവ സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രക്ഷോഭം ശക്തമായത്. വ്‌ളാഡിമിര്‍ പുടിനെ ഹിറ്റ്‌ലറോടും അലീനയെ ഹിറ്റ്‌ലറുടെ കാമുകി ഈവാ ബ്രൗണിനോടും ഉപമിച്ചാണു കാമ്പെയിന്‍. ഒരു ലക്ഷത്തോളം സ്വിസ് പൗരന്മാര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് സംഘാടകര്‍.

ദ ഗാര്‍ഡിയന്‍ അടക്കമുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ അലീന പുടിന്റെ കാമുകിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലാന്‍ഡിലെ ആഡംബര റിസോര്‍ട്ടില്‍ മൂന്നു കുട്ടികള്‍ക്കൊപ്പമാണ് ഇവരുടെ താമസമെന്നാണു സൂചന. യുദ്ധം ആരംഭിച്ച വേളയില്‍ സ്വകാര്യമായാണ് ഇവര്‍ ഇവിടെയെത്തിയത്. അതേസമയം, റഷ്യന്‍ പ്രസിഡന്റ് ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

വര്‍ത്തമാന കാല ഈവാ ബ്രൗണായ അലീന കബേവയെ അഭിനവ ഫ്യൂററായ പുടിനുമായി ഒരുമിപ്പിക്കൂ, അവരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു പുറത്താക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കാമ്പെയിന്‍ പുരോഗമിക്കുന്നത്. ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ പരാതി ലഭ്യമാണ്.

ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിലൂടെ കാമ്പെയിന്‍ പുരോഗമിക്കുമ്പോഴും അലീന സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ടോ എന്ന കാര്യത്തില്‍ അഭ്യൂഹം മാത്രമാണു നിലനില്‍ക്കുന്നത്.

ഉക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ പുടിനോട് ഏറ്റവുമടുത്ത വ്യവസായികള്‍ക്ക് ഉള്‍പ്പെടെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തില്‍ അലീന കബേവയും ഉള്‍പ്പെട്ടിരുന്നു. മുപ്പത്തിയെട്ടു വയസുകാരിയായ അലീന ഒളിംപിക്‌സില്‍ റഷ്യക്കു വേണ്ടി സ്വര്‍ണമെഡല്‍ നേടിയ ജിംനാസ്റ്റിക്‌സ് താരമാണ്. 1983 മേയ് 12-ന് ഉസ്‌ബെക്കിസ്ഥാനിലാണ് അവര്‍ ജനിച്ചത്.

അക്കാലത്ത് ഉസ്‌ബെക്കിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. ഒരു പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനായ മാറാറ്റ് കബേവിന്റെ മകളായാണ് അലീനയുടെ ജനനം. മൂന്നു വയസുള്ളപ്പോള്‍ തന്നെ കായികമേഖലയില്‍ അരങ്ങേറിയ അലീന ജിംനാസ്റ്റിക്‌സാണു തിരഞ്ഞെടുത്തത്.

കൗമാരപ്രായമായപ്പോള്‍ മികച്ച ജിംനാസ്റ്റിക്‌സ് താരമായി. 14 വേള്‍ഡ് ചാംപ്യന്‍ഷിപ് മെഡലുകളും 21 യൂറോപ്യന്‍ ചാംപ്യന്‍ഷിപ് മെഡലുകളും നേടിയ അലീന 2004-ലെ സിഡ്നി ഒളിംപിക്സില്‍ സ്വര്‍ണവും തൊട്ടടുത്ത വര്‍ഷത്തെ ആതന്‍സ് ഒളിംപിക്സില്‍ വെങ്കലവും നേടി.

സ്പോര്‍ട്സില്‍ നിന്ന് വിരമിച്ച ശേഷം അലീന രാഷ്ട്രീയം തെരഞ്ഞെടുത്തു. 2007 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തി. 2014-ല്‍ റഷ്യയിലെ ഏറ്റവും വലിയ മാധ്യമ കോര്‍പറേറ്റ് സ്ഥാപനമായ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ചെയര്‍പഴ്‌സണ്‍ സ്ഥാനവും ഇവര്‍ക്കു ലഭിച്ചു.

2008ലാണ് ഇവര്‍ പുടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. അന്ന് പുടിന് 56 വയസും അലീനയ്ക്ക് ഇരുപത്തിയഞ്ചുമായിരുന്നു. മോസ്‌കോ ആസ്ഥാനമാക്കി ഒരു മുന്‍ കെജിബി ചാരന്‍ നടത്തുന്ന പത്രമാണ് ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തറിയിച്ചത്. അത് റഷ്യയില്‍ വലിയ വിവാദമായി മാറി. അക്കാലത്ത് പുടിന്‍ വിവാഹിതനായിരുന്നു. യുവതികളായ പുത്രിമാരുമുണ്ടായിരുന്നു.

2013-ല്‍, തന്റെ ഭാര്യ ല്യൂദ്മില്ലയെ പുടിന്‍ വിവാഹബന്ധമൊഴിയുകയും ചെയ്തു. ഇതോടെ പുടിന്‍ അലീനയെ വിവാഹം കഴിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും വിവാഹം ഇതുവരെ ഉണ്ടായില്ല. ൃ

അതേസമയം, രഹസ്യമായി വിവാഹം നടന്നെന്നും അലീനയില്‍ പുട്ടിന് ഇരട്ടക്കുട്ടികളുണ്ടായെന്നും ശക്തമായ അഭ്യൂഹമുണ്ട്. ഇതിനിടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി പുടിന്‍, അലീനയെയും കുട്ടികളെയും സൈബീരിയയില്‍ പണിത അതിസുരക്ഷാ, ബങ്കറില്‍ ഒളിപ്പിച്ചെന്ന് റഷ്യന്‍ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവി പറഞ്ഞിരുന്നു.

മംഗോളിയ, കാനഡ, കസഖ്സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യന്‍ റിപ്പബ്ലിക്കായ അള്‍ട്ടായിയിലാണ് ഈ ഭൂഗര്‍ഭ ബങ്കറെന്നും അഭ്യൂഹം പരന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.