അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 24
പതിനൊന്നാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ കാപുവാ എന്ന പ്രദേശത്ത് ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു വിശുദ്ധ അല്‍ദേമാര്‍. ചെറുപ്പത്തില്‍ തന്നെ ഏകാന്തതയോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അല്‍ദേമാര്‍ പ്രസിദ്ധമായ മോണ്ടെ കാസിനോ ആശ്രമത്തില്‍ ചേര്‍ന്ന് ബെനഡിക്ടന്‍ സന്യാസിയായി.
അദ്ദേഹത്തിന്റെ അറിവും ദീര്‍ഘവീക്ഷണവും കണക്കിലെടുത്ത് സമീപ പ്രദേശത്തെ ഒരു രാജകുമാരി താന്‍ സ്ഥാപിച്ച പുതിയ സന്യാസിനീ മഠത്തെ നയിക്കുവാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഈ ദൗത്യം സ്വീകരിച്ച അല്‍ദേമാര്‍ തന്റെ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചു. ഇതിനിടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള വരദാനം ലഭിച്ചിട്ടുള്ള ആളാണ് വിശുദ്ധനെന്ന കാര്യം എല്ലാവര്‍ക്കും മനസിലാവുകയും അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ നിരവധി ആളുകളെ ആകര്‍ഷിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ആശ്രമാധിപന്‍ അദ്ദേഹത്തെ മോണ്ടെ കാസിനോയിലേക്ക് തിരികെ വിളിപ്പിച്ചു. എന്നാല്‍ ഇതില്‍ അസന്തുഷ്ടയായ രാജകുമാരി വിശുദ്ധനെ തിരികെ വിളിപ്പിച്ചതിനെ എതിര്‍ക്കുകയും ഇതിനെ ചൊല്ലിയൊരു അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു. എന്നാല്‍ അല്‍ദേമാര്‍ മറ്റൊരു പട്ടണത്തിലേക്ക് രക്ഷപ്പെടുകയും അവിടെ മൂന്ന് ആത്മീയ സഹോദരന്‍മാര്‍ക്കൊപ്പം ജീവിക്കുകയും ചെയ്തു.
ഈ സഹോദരന്‍മാരില്‍ ഒരാള്‍ വിശുദ്ധനെ പിന്നീട് വെറുക്കുകയും അദേഹത്തെ അമ്പെയ്ത് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, ആയുധം കൈകാര്യം ചെയ്യുന്നതില്‍ വന്ന പാകപ്പിഴ നിമിത്തം അദ്ദേഹത്തിന്റെ സ്വന്തം കരത്തില്‍ തന്നെ മുറിവേറ്റു.
തന്നെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവന്റെ മുറിവ് ഗുരുതരമായതിനെ തുടര്‍ന്ന് വിശുദ്ധന്‍ ആ വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും തന്മൂലം അത് സുഖപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ സ്വന്തമായി ഒരു ആശ്രമം സ്ഥാപിച്ചു. കാലക്രമേണ അദ്ദേഹം നിരവധി സന്യാസഭവനങ്ങളും സ്ഥാപിക്കുകയും ആ സന്യാസ സമൂഹങ്ങളെയെല്ലാം അദ്ദേഹം നേരിട്ട് നയിക്കുകയും ചെയ്തു. 1080 ലാണ് വിശുദ്ധ അല്‍ദേമാര്‍ മരണമടഞ്ഞത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. റോമന്‍ പുരോഹിതനായ എപ്പിഗ്മെനിയൂസ്
2. ഐറിഷുകാരായ കാമിന്‍, കയ്‌റിയോണ്‍, ഡോമന്‍ ഗാര്‍ഡ്
3. തിമോലാസ്, ഡിയോന്നീഷ്യസ്, പൗവുസിസ്, അലക്‌സാണ്ടര്‍, അഗാപ്പിയോസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26