സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്; വലഞ്ഞ് വിദ്യാര്‍ഥികള്‍: തീരുമാനമെടുക്കാതെ സർക്കാർ

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്; വലഞ്ഞ് വിദ്യാര്‍ഥികള്‍: തീരുമാനമെടുക്കാതെ സർക്കാർ

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകൾ സമരം നടത്തുന്നത്.

എൽ.ഡി.എഫ് യോ​ഗത്തിന് ശേഷം നിരക്ക് വർധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതം ഇന്നും ദുരിതത്തിലാവും.

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടന്നതെന്നാണ് ബസ് ഉടമകളൾ പറയുന്നത്.

ബജറ്റില്‍ കെ.എസ് ആര്‍.ടി.സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.