ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രവാഹം, തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രവാഹം, തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. സ്റ്റാലിന്‍. കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. പ്രശ്നം എങ്ങനെ നിയമപരമായി കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ശ്രീലങ്കന്‍ പൗരന്മാര്‍ തമിഴ്‌നാട്ടിലെത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 16 പേരാണ് ശ്രീലങ്കയില്‍ നിന്ന് കടല്‍ കടന്ന് രാമേശ്വരത്ത് എത്തിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം 4,000 ത്തോളം അഭയാര്‍ഥികള്‍ തമിഴ്‌നാട്ടിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിരൂക്ഷമാണ് ശ്രീലങ്കയിലെ സാഹചര്യം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലരും കൃത്യമായ രേഖകള്‍ പോലുമില്ലാതെയാണ് വന്നിറങ്ങുന്നത്. അഭയാര്‍ഥി പ്രവാഹം ഒഴിവാക്കാനായി തീരദേശ മേഖലകളില്‍ പോലീസും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ബോട്ടില്‍ രാമേശ്വരത്തെത്താന്‍ 50,000 രൂപ നല്‍കിയെന്ന് ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്തവര്‍ പറയുന്നു. ഇതിനു മുന്‍പ് 1980 കളിലെ ആഭ്യന്തര സംഘര്‍ഷ സമയത്താണ് ശ്രീലങ്കയില്‍ നിന്ന് വന്‍തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.