റഷ്യന്‍ ആക്രമണം; മരിയുപോളിലെ തിയറ്ററിനുള്ളില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍

 റഷ്യന്‍ ആക്രമണം; മരിയുപോളിലെ തിയറ്ററിനുള്ളില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍

കീവ്: ഉക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളില്‍ തിയറ്ററിനു നേരെയുണ്ടായ റഷ്യയുടെ ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന തിയറ്ററിനു നേരെ മാര്‍ച്ച് 16നാണ് റഷ്യ ബോംബ് വര്‍ഷിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര്‍ ഇവിടെ അഭയം തേടിയിരുന്നു. സാധാരണക്കാര്‍ തിയറ്ററിനുള്ളില്‍ അകപ്പെട്ടത് സംബന്ധിച്ച് റഷ്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നുമാണ് ഉക്രെയ്‌ന്റെ പ്രതികരണം. നിലവില്‍ മരിയുപോളുമായുള്ള ബന്ധങ്ങള്‍ പൂര്‍ണമായി അറ്റനിലയിലാണുള്ളതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരിച്ചവരെ കുഴിമാടങ്ങളില്‍ കൂട്ടമായി അടക്കം ചെയ്യേണ്ട സാഹചര്യമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഉക്രെയ്‌നില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന വാദവുമായി പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി രംഗത്തു വന്നിരുന്നു. ആക്രമണത്തില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

റഷ്യ ഉക്രെയ്‌നില്‍ സൈനികനീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഈ ഘട്ടത്തില്‍ നാറ്റോ സൈനിക സഹായം നല്‍കണമെന്നാണ് സെലന്‍സ്‌കിയുടെ അഭ്യര്‍ഥന. റഷ്യ മുഴുവന്‍ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ ഉക്രെയ്‌നെതിരേ ഉപയോഗിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ സൈനിക സഹായം കൂടിയേ തീരുവെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഫെബ്രുവരി 24-നാണ് റഷ്യ ആക്രമണം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. തലസ്ഥാനമായ കീവ് പിടിക്കാനുള്ള റഷ്യന്‍ ശ്രമം വിഫലമായി തുടരുകയാണ്. സമാനതകളില്ലാത്ത ഈ ആക്രമണത്തിന്റെ ഫലമായി ഉക്രെയ്‌നില്‍നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് ഒഴുകിയ അഭയാര്‍ഥികളുടെ എണ്ണം 35 ലക്ഷം കടന്നു.

മരിയുപോളില്‍ ഏകദേശം 100,000 ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളില്‍ മാത്രം 2,300 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 121 കുട്ടികളാണ് ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടത്. 14,000 റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രെയ്ന്‍ അവകാശപ്പെടുന്നു.

ഉക്രെയ്‌നുള്ള 800 മില്ല്യണ്‍ ഡോളറിന്റെ ആയുധസഹായം വേഗത്തില്‍ എത്തിക്കുമെന്ന് യുഎസ് പ്രതിരോധ സേന വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സേനാ വിന്യാസം കൂട്ടുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. സ്ലൊവാക്യ, ഹംഗറി, ബള്‍ഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് നാല് പുതിയ യുദ്ധസംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.