സോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (intercontinental ballistic missile) വിജയകരമായി പരീക്ഷിച്ചെന്ന അവകാശവാദവുമായി ഉത്തര കൊറിയ. വ്യാഴാഴ്ചയാണ് ഹ്വാസോങ്-17 എന്ന ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം) പരീക്ഷിച്ചതെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു. 2017-നുശേഷം ആദ്യമായാണ് ഉത്തര കൊറിയ ഐ.സി.ബി.എം പരീക്ഷിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.
വന്‍കരകള്‍ക്കപ്പുറം നാശം വിതക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഒരു ദിവസത്തിന് ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. പ്രസിഡന്റ് കിം ജോങ് ഉന്‍ മിസൈല്‍ നിരീക്ഷിക്കുന്നതിന്റെയും വിക്ഷേപണത്തിന് നേതൃത്വം നല്‍കുന്നതിന്റെയും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് സര്‍ക്കാര്‍ ടെലിവിഷന്‍ പുറത്തുവിട്ടത്. വിക്ഷേപണത്തിന് പിന്നാലെ കിം ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യം
കൊറിയന്‍ മേഖലയില്‍ പ്രതിദിനമെന്നോണം വര്‍ധിക്കുന്ന സൈനിക സംഘര്‍ഷ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മിസൈല്‍ പരീക്ഷണത്തിന് കിം ഉത്തരവിട്ടതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ വര്‍ധിച്ചുവരുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ യുഎസിനും പ്രാദേശിക സഖ്യകക്ഷികള്‍ക്കും നേരെയുള്ള ഭീഷണിയാണെന്നാണു വിലയിരുത്തല്‍.
അപകടകാരിയെന്ന അര്‍ത്ഥത്തില്‍ 'മോണ്‍സ്റ്റര്‍ മിസൈല്‍' എന്നാണ് ഹ്വാസോങ്-17 പൊതുവെ വിളിക്കപ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന സൈനിക പരേഡില്‍ ഉത്തര കൊറിയ മിസൈല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 9,320 മൈല്‍ (ഏകദേശം 15,000 കിലോമീറ്റര്‍) ദൂരപ്രദേശത്തുവരെ നാശം വിതക്കാന്‍ ഈ മിസൈലിനാകും. അതായത് ഉത്തര കൊറിയയിലെ താവളത്തില്‍നിന്ന് വിക്ഷേപിച്ചാല്‍ മിസൈല്‍ അമേരിക്കയിലെത്തുമെന്നു ചുരുക്കം. ഉത്തര കൊറിയയുടെ അവകാശവാദം ശരിയാണെങ്കില്‍ യു.എസ് നഗരങ്ങള്‍ വരെ ചാരമാക്കാന്‍ ഒറ്റ മിസൈല്‍ കൊണ്ടാകും.
പരീക്ഷണത്തില്‍ 6,248 കിലോമീറ്റര്‍ ഉയരത്തില്‍ പോയ മിസൈല്‍ 1,090 കിലോമീറ്റര്‍ സഞ്ചരിച്ച് ഉത്തര കൊറിയയ്ക്കും ജപ്പാനുമിടയിലുള്ള കടലില്‍ പതിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍. മിസൈല്‍ പരീക്ഷണത്തെ യുഎസും ജപ്പാനും അപലപിച്ചു.
മിസൈല്‍ പരീക്ഷണം 'ഹോളിവുഡ് സ്‌റ്റൈലില്‍'
ഉത്തര കൊറിയന്‍ ദേശീയ മാധ്യമം പുറത്തുവിട്ട മിസൈല്‍ പരീക്ഷണ വിഡിയോയിലെ രംഗങ്ങളും ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. സൈനിക മേധാവികള്‍ക്കൊപ്പം ഹോളിവുഡ് സിനിമ സ്‌റ്റൈലില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയാണ് കിം, മിസൈല്‍ പരീക്ഷണത്തിന് തിരികൊളുത്തിയത്. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ സൈനിക ജനറല്‍മാര്‍ക്കൊപ്പം ലെതര്‍ ജാക്കറ്റും സണ്‍ഗ്ലാസുമണിഞ്ഞ് നടന്നുവരുന്ന കിമ്മിനെയാണ് ആദ്യം കാണുക. വാച്ചില്‍ സമയം നോക്കി സണ്‍ഗ്ലാസ് ഊരി കിം മിസൈല്‍ കൊണ്ടുവരാന്‍ അനുമതി നല്‍കി. പിന്നാലെ കൗണ്ട്ഡൗണിന് ശേഷം പട്ടാളക്കാര്‍ 'ഫയര്‍' എന്ന് അലറി ബട്ടണില്‍ അമര്‍ത്തിയതോടെ മിസൈല്‍ ഉയര്‍ന്ന് പൊങ്ങുന്നതും കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.