മിന്‍സ്റ്ററിലെ ആദ്യത്തെ മെത്രാനായിരുന്ന വിശുദ്ധ ലുഡ്ജര്‍

മിന്‍സ്റ്ററിലെ ആദ്യത്തെ മെത്രാനായിരുന്ന വിശുദ്ധ ലുഡ്ജര്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 26

ഇപ്പോള്‍ ജര്‍മ്മനിയുടെ ഭാഗമായ ഫ്രീസ് ലന്‍ഡില്‍ എ.ഡി 743 ലാണ് ലുഡ്ജര്‍ ജനിച്ചത്. വിശുദ്ധനായ ബോനിഫസ്റ്റിന്റെ ശിഷ്യനായ വിശുദ്ധ ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലുഡ്ജര്‍ വളര്‍ന്നു വന്നത്. ഇരുപത്തിനാലാം വയസില്‍ വൈദിക പഠനം ആരംഭിച്ച അദ്ദേഹം മുപ്പത്തിനാലാം വയസില്‍ പുരോഹിത പട്ടം സ്വീകരിച്ചു.

767 ല്‍ യോര്‍ക്കിലെ അല്‍ക്കൂയിന്റെ ശിഷ്യനാകുവാന്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ജര്‍മ്മന്‍കാരനായ ഒരാള്‍ ഒരു ഇംഗ്ലീഷ് വ്യാപാരിയെ കൊലപ്പെടുത്തുകയും ഇതുമൂലം അവിടെയുണ്ടായിരുന്ന ജര്‍മ്മന്‍കാര്‍ക്കു നേരെ തദ്ദേശവാസികളുടെ ആക്രമണമുണ്ടാവുകയും അതൊരു വര്‍ഗീയ ലഹളയായി മാറുകയും ചെയ്തതിനാല്‍ ലുഡ്ജര്‍ അവിടം വിട്ടു.

പിന്നീട് ഡെന്‍വെന്ററില്‍ വിശുദ്ധ ലെബൂയിന്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കുവാനായി 775 ല്‍ വിശുദ്ധന്‍ ഡെന്‍വെന്ററിലേക്കയക്കപ്പെട്ടു. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അവിടെ നിരവധി ദേവാലയങ്ങള്‍ പണി കഴിപ്പിച്ചു. അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും അനേകം വിജാതീയരെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ 784 ല്‍ സാക്‌സണ്‍ നേതാവായ വിഡ്കുണ്ട് അവിടം ആക്രമിക്കുകയും നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും മുഴുവന്‍ സുവിശേഷകരേയും ആട്ടിപ്പായിക്കുകയും ചെയ്തു.

ഈ സമയം റോമിലെത്തിയ ലുഡ്ജര്‍ പ്രസിദ്ധ ബെനഡിക്ടന്‍ ആശ്രമമായ മോണ്ടെ കാസിനോയില്‍ രണ്ടു വര്‍ഷത്തോളം താമസിച്ചു. 786 ല്‍ വെസ്റ്റ്ഫാലിയായില്‍ എത്തിയ ലുഡ്ജറെ അവിടുത്തെ ചക്രവര്‍ത്തി അഞ്ച് പ്രവിശ്യകളുടെ ആത്മീയ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചു.

അതേ തുടര്‍ന്ന് മിമിജെര്‍നേഫോര്‍ഡ് എന്ന സ്ഥലത്ത് താമസമാക്കി. ഇവിടെ അദ്ദേഹം ആശ്രമം സ്ഥാപിച്ചതിനാല്‍ ഈ സ്ഥലം മിന്‍സ്റ്റര്‍ എന്ന പേരിലാണ് പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നത്. മെറ്റ്‌സിലെ വിശുദ്ധ ക്രോടെഗാങിന്റെ ആശ്രമ നിയമങ്ങളായിരുന്നു അവിടത്തെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. അധികം താമസിയാതെ അദ്ദേഹം ട്രിയറിലെ മെത്രാനായി നിയമിതനായി. പിന്നീട് 804 ല്‍ ലുഡ്ജര്‍ മിന്‍സ്റ്ററിലെ ആദ്യത്തെ മെത്രാനായി അഭിഷിക്തനായി.

കഠിനമായ രോഗപീഡകള്‍ മൂലം വളരെയേറെ വേദനകള്‍ സഹിക്കേണ്ടതായി വന്നുവെങ്കിലും,തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ വിശുദ്ധന്‍ സുവിശേഷം പ്രഘോഷിച്ചു. 809 ല്‍ ജര്‍മ്മനിയിലെ വെസ്റ്റ്ഫാലിയായിലുള്ള ബില്ലര്‍ബെക്കില്‍ ഒരു സുവിശേഷ പ്രഘോഷണ യാത്രയ്ക്കിടെയാണ് വിശുദ്ധ ലുഡ്ജര്‍ മരണപ്പെട്ടത്.

ലുഡ്ജറിന്റെ ഭൗതീക ശരീരം വെര്‍ഡെനില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ബെനഡിക്ടന്‍ ആശ്രമത്തിലാണ് അടക്കം ചെയ്തത്. വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ ഭൂരിഭാഗവും ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ സഭാ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ തിരുനാള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബാള്‍ത്തൂസും വേറോക്കയും

2. റോമന്‍ ഉദ്യോഗസ്ഥനായ കാസ്റ്റുളുസ്

3. ഷെര്‍ബോണ്‍ ബിഷപ്പായ അല്‍ഫ് വേള്‍ഡ്

4. കോണ്‍സ്റ്റാന്റിനോപ്പിളിലെ ബാസില്‍ ജൂനിയര്‍

5. റോമയിലെ പീറ്ററും മാര്‍സിയനും ജോവിനൂസും തെക്ലായും കാസിയനും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.