ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഖില ലോക പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഖില ലോക പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ഷിക്കാഗോ: എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അഖില ലോക പ്രാര്‍ത്ഥനാ ദിനാചരണം നടത്തി. ഷിക്കാഗോ എക്യൂമെനിക്കല്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12ന് ശനിയാഴ്ച വൈകുന്നേരമാണ് പ്രാര്‍ത്ഥന നടത്തപ്പെട്ടത്. ബിഷപ്പും, വൈദീകരും, എക്യൂമെനിക്കല്‍ അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ പ്രദക്ഷിണമായാണ് പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയത്തില്‍ പ്രവേശിച്ചത്. മുഖ്യാതിഥിയായിരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രാരംഭ കൗമാ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും ആതിഥേയത്വം നല്‍കിയ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ.ഫാദര്‍ എബി ചാക്കോ സമ്മേളനത്ത് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. മോണ്‍ തോമസ് മുളവനാല്‍ 'നിങ്ങളെപ്പറ്റി ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി' എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. പ്രതിസന്ധികളിലൂടെയും, ആരോഗ്യ പ്രശ്‌നങ്ങളിലൂടെയും, കെടുതികളിലൂടെയും കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.

ആശംസാ പ്രസംഗത്തില്‍ ഡോ. സൂസന്‍ വി. ചാക്കോ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട രാജ്യമായ ബ്രിട്ടീഷ് ഐല്‍സിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരം, ജീവിത രീതി എന്നിവ സംക്ഷിപ്തമായി വിവരിച്ചു. ശേഷം ബ്രിട്ടീഷ് ഐല്‍സിലെ സ്ത്രീകള്‍ അനുദിനം അനുഭവിക്കുന്ന കഷ്ടപ്പെടുകളുടേയും വേദനകളുടേയും കഥകള്‍ മഞ്ജു, ഷേരന്‍, അനിത എന്നിവര്‍ പങ്കുവെച്ചു. തുടര്‍ന്ന് നടന്ന അനുതാപ പ്രാര്‍ത്ഥനയ്ക്കും, മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, കൃതജ്ഞതാ പ്രാര്‍ത്ഥനയ്ക്കും സുമ ജോര്‍ജ്, ജയമോള്‍ സഖറിയ, റവ.ഫാദര്‍ എബി തോമസ് തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തെരഞ്ഞെടുക്കപ്പെട്ട വേദഭാഗം (ജെറ. 29: 1-14) സിനില്‍ ആന്‍ ഫിലിപ്പ് വായിച്ചു. തുടര്‍ന്ന് റവ.ഫാദര്‍ തോമസ് മാത്യു മുഖ്യാതിഥിയായ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയെ സദസിന് പരിചയപ്പെടുത്തി. തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണത്തില്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ ചക്രവാളം വിശാലമാകണം. കാല സമ്പൂര്‍ണതയില്‍ ക്രിസ്തു യേശുവില്‍ ഒന്നായി സഭാ വ്യക്തിത്വം നഷ്ടമാകാതെ, ചിതറിക്കിടക്കുന്നതിനെ ഒന്നിച്ചു കൊണ്ടുവരുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാറാമ്മ തോമസ് സ്‌തോത്ര പ്രാര്‍ത്ഥനയ്ക്കും, റവ.ഫാ. ഹാം ജോസഫ് സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. ഷിക്കാഗോലാന്റ് ഓര്‍ത്തഡോക്‌സ് ഗായകസംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സ്‌നേഹവിരുന്ന് ക്രമീകരിച്ചിരുന്നു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ് നന്ദി രേഖപ്പെടുത്തി. മോര്‍. അപ്രേം തിരുമേനിയുടെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ സമ്മേളനം സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.