വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടും ക്രൂരതയ്ക്കു മേല്‍ വിശ്വാസത്തിന്റെ ആത്മീയ തേജസ് പെയ്തിറങ്ങിയ മംഗള വാര്‍ത്താ ദിനാചരണ വേളയില്‍ റഷ്യയെയും, ഉക്രെയ്‌നെയും ഫ്രാന്‍സിസ് മാര്‍പാപ്പ വിമലഹൃദയത്തിന് സമര്‍പ്പിച്ചു.'ക്രൂരവും വിവേകശൂന്യവുമായ യുദ്ധ'ത്തിനിടയില്‍ ലോകമെങ്ങുമുള്ള വിശ്വാസി സമൂഹം ഏകഹൃദയത്തോടെ പ്രാര്‍ത്ഥനാഞ്ജലികളുമായി പങ്കുചേര്‍ന്ന മഹാശുശ്രൂഷ കന്യാമറിയത്തിലുള്ള പൂര്‍ണ്ണ വിശ്വാസം പ്രകടമാക്കുന്നതായെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടത്തിയ 'കര്‍ത്താവിനായുള്ള 24 മണിക്കൂര്‍' നോമ്പുകാല അനുതാപ ശുശ്രൂഷയുടെ അനുബന്ധമായായിരുന്നു സമാധാനം പുനഃസ്ഥാപിക്കപ്പെടുവാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായം തേടിയുള്ള സമര്‍പ്പണ ശുശ്രൂഷ.മധ്യ ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ ശില്പത്തിന് മുന്നില്‍ ഇരുന്നുകൊണ്ടാണ് മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ നയിച്ചത്. ഇരു രാജ്യങ്ങളുടെയും പേര് പറഞ്ഞതിനൊപ്പം, ആഗോള വിശ്വാസി സമൂഹത്തെയും, സഭയെയും മാനവരാശി മുഴുവനെയും മാര്‍പാപ്പ ദൈവമാതാവിന് സമര്‍പ്പിച്ചു. പാപ്പയും കര്‍ദ്ദിനാള്‍മാരും വൈദികരും വിശ്വാസികളും അടക്കം അനേകം പേര്‍ അനുരഞ്ജന കൂദാശ സ്വീകരിച്ചു.
നമ്മുടെ ശക്തിയിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കില്ല, അതിന് ദൈവത്തിന്റെ സ്‌നേഹം ആവശ്യമാണെന്നും ആളുകള്‍ക്ക് ലോകത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവരവരുടെ ഹൃദയങ്ങളാണ് ആദ്യം പരിവര്‍ത്തനം ചെയ്യേണ്ടതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു. ഇതിനുവേണ്ടി നമ്മുടെ കരം പിടിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് അനുവദിക്കാം. 1917 ജൂലൈ 13-ന് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിശുദ്ധ കന്യകാമറിയം നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായി നടത്തിയ സമര്‍പ്പണം ഇതോടൊപ്പം പുതുക്കി.പോര്‍ച്ചുഗലിലെ ഔവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ മാര്‍പ്പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്‌കി ഇതേസമയം ശുശ്രൂഷകളുടെ മുഖ്യകാര്‍മ്മികനായിരുന്നു. ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ ബിഷപ്പുമാരുമായും തല്‍സമയ ശുശ്രൂഷയില്‍ സഹകാര്‍മ്മികരായി പങ്കെടുത്തു.
സഭയെയും മുഴുവന്‍ മനുഷ്യരാശിയെയും, പ്രത്യേകിച്ച് റഷ്യയെയും ഉക്രെയ്നെയും മറിയത്തിന്റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നത്് നിര്‍ണ്ണായക വേളയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.ദൈവത്തിന്റെ ക്ഷമാശക്തിയില്‍ മനുഷ്യരാശിയുടെ പങ്കാളിത്തമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമര്‍പ്പണത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും മാര്‍പാപ്പ വിശദീകരിച്ചു. 'ഇത് ഒരു മാന്ത്രിക സൂത്രവാക്യമല്ല, ആത്മീയ പ്രവര്‍ത്തനമാണ്. നമ്മുടെ ലോകത്തെ ഭീഷണിപ്പെടുത്തുന്ന ഈ ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിന്റെ കഷ്ടതകള്‍ക്കിടയില്‍, ഇരകളുടെ എല്ലാ ഭയങ്ങളും വേദനകളും മാറ്റാനുള്ള കൂട്ടപ്രാര്‍ത്ഥനയാണിത്. അവരെയെല്ലാവരെയും അമ്മയിലേക്ക് തിരിയുന്ന കുട്ടികളാക്കി മാറ്റുന്ന പൂര്‍ണ്ണ വിശ്വാസത്തിന്റെ പ്രവൃത്തിയാണിത്. അമ്മയുടെ ഹൃദയത്തിലേക്കാണ് തങ്ങളെത്തന്നെ അവര്‍ വിട്ടുകൊടുക്കുന്നത്.' ദൈവത്തെ പ്രതിഫലിപ്പിക്കുന്ന ശുദ്ധവും കളങ്കമില്ലാത്തതുമായ ഹൃദയങ്ങളുടെ സൃഷ്ടിയാണിതിലൂടെ സംഭവിക്കുകയെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
അനേകരെ കൊന്നൊടുക്കുകയും വലിയ കഷ്ടപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഉക്രെയ്‌നിലെ ഭീകര യുദ്ധത്തെക്കുറിച്ചുള്ള വേദന ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് പങ്കുവച്ചു. 'ഈ ദിവസങ്ങളില്‍, പ്രതിരോധമില്ലാത്ത നമ്മുടെ ഉക്രേനിയന്‍ സഹോദരീസഹോദരന്മാരുടെ വീടുകള്‍ ബോംബുകള്‍ നശിപ്പിക്കുന്നതിന്റെ വാര്‍ത്താ റിപ്പോര്‍ട്ടുകളും മരണ ദൃശ്യങ്ങളും നമ്മെ വിഹ്വലരാക്കുന്നത് തുടരുന്നു; വല്ലാതെ വിഷമിപ്പിക്കുന്നു.'ഈ യുദ്ധം നമ്മുടെ 'നിസ്സഹായതയെയും അപര്യാപ്തതയെയും' തുറന്നുകാട്ടുന്നു. അതുപോലെ തന്നെ ദൈവത്തിന്റെ സാമീപ്യവും ദൈവിക ക്ഷമയുടെ ഉറപ്പും സംബന്ധിച്ച നമ്മുടെ ആവശ്യത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. 'ജീവിതത്തിലെ ഭയത്തിനും ശൂന്യതയ്ക്കുമെതിരായ ആത്യന്തിക പ്രതിവിധി' ആയ െൈദവത്തിലേക്കു മടങ്ങാനുള്ള വഴി പരിശുദ്ധ മാതാവാണ്.'ദൈവത്തെ അനുസരിക്കാനുള്ള സജീവമായ ആഗ്രഹം' ആയിരുന്നു ദൈവത്തിന്റെ ക്ഷണത്തോടുള്ള മേരിയുടെ പ്രതികരണമെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മെത്രാന്മാരും, വൈദികരും, വിശ്വാസി സമൂഹവും വത്തിക്കാനില്‍ നടന്ന ശുശ്രൂഷയുടെ ഭാഗമായി. സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ശുശ്രൂഷയില്‍ നേരിട്ടു പങ്കെടുത്തു. അതേസമയം ലക്ഷകണക്കിന് ആളുകളാണ് തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം നവമാധ്യമങ്ങളിലൂടെ കണ്ടത്.
അമലോല്‍ഭവ മാതാവിനോടുള്ള നന്ദി പ്രകാശനത്തിന്റെ അടയാളമായുള്ള ഗാനാലാപനത്തോടെയാണ് വത്തിക്കാനിലെ സമര്‍പ്പണ പ്രാര്‍ത്ഥനകള്‍ക്ക് തിരശ്ശീല വീണത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26