സെക്കന്‍ഡറി സ്‌കൂളുകള്‍ തുറന്നില്ല; കാബൂളില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

സെക്കന്‍ഡറി സ്‌കൂളുകള്‍ തുറന്നില്ല; കാബൂളില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധം. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ കഴിഞ്ഞയാഴ്ച തുറന്നെങ്കിലും മണിക്കൂറുകള്‍ക്കകം അടച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി പെണ്‍കുട്ടികള്‍ തന്നെ രംഗത്തെത്തിയത്.

പുസ്തകങ്ങളും പ്ലക്കാര്‍ഡുകളുമേന്തിയാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും നിങ്ങളുടെ രാഷ്ട്രീയ പദ്ധതിയല്ലെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി. താലിബാന്‍ അംഗങ്ങള്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

കഴിഞ്ഞ ബുധനാഴ്ചയാണ് താലിബാന്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തുറന്നതിന് പിന്നാലെ സ്‌കൂളുകളെല്ലാം അടക്കുകയും ചെയ്തു. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പുതിയ ഉത്തരവ് വരുന്നതു വരെ ആറാം തരത്തിനു മുകളിലുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ വരേണ്ടതില്ലെന്നാണ് താലിബാന്‍ നിര്‍ദേശം. സ്ത്രീകളെ വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനും അനുവദിക്കുമെന്ന് അഫ്ഗാനില്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സ്ത്രീ വിദ്യാഭ്യാസം സംബന്ധിച്ച വാഗ്ദാനത്തില്‍ നിന്ന് താലിബാന്‍ പിന്നോട്ടു പോയതില്‍ വിദേശരാജ്യങ്ങളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. താലിബാനുമായി ഖത്തറില്‍ വെച്ച് നടത്താനിരുന്ന കൂടിക്കാഴ്ച അമേരിക്ക റദ്ദാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.