പൊതു പണിമുടക്ക്: കേരളം സ്തംഭിക്കും, ഇളവുകള്‍ എന്തെല്ലാം ?

പൊതു പണിമുടക്ക്: കേരളം സ്തംഭിക്കും, ഇളവുകള്‍ എന്തെല്ലാം ?

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്.

എല്‍ഐസി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷക സംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശ പത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്തെല്ലാം പ്രവര്‍ത്തിക്കും?

നാളെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. റേഷന്‍കടകളും സഹകരണബാങ്കുകളും ഞായറാഴ്ച പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി ബിപിസിഎല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകള്‍ക്ക്.

പാല്‍, പത്രം, ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്റ് റെസ്‌ക്യൂ എന്നീ അവശ്യസര്‍വീസുകള്‍ പണി മുടക്കിലുണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള സര്‍വീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ ബസ് സര്‍വീസുകള്‍ ഓടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.