ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ശ്രീലങ്കയിലെത്തി. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തിയ ലങ്കയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ജയശങ്കറിന്റെ വരവ്. ലങ്കയുടെ അവസാന കച്ചിത്തുരുമ്പാണ് ഇന്ത്യ. ഇടക്കാലത്ത് ലങ്കയുടെ ഏറ്റവും വലിയ സുഹൃത്തായിരുന്ന ചൈന ഏതാണ്ട് ബന്ധം അവസാനിപ്പിച്ച മട്ടാണ്.
ശ്രീലങ്കയ്ക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജയശങ്കറിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടണ്‍ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. നാളെ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ്. ജയശങ്കര്‍ പങ്കെടുക്കും.
തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. പ്രസിഡന്റ് ഗോതപായ രജപക്‌സേയുടെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ മേഖലകളില്‍ ജനം തെരുവിലിറങ്ങി. അവശ്യ സാധനങ്ങളുടെ വില ലങ്കയില്‍ ഓരോ ദിവസവും ഉയരുകയാണ്.
ചൈനയ്‌ക്കെതിരെയും ലങ്കന്‍ തെരുവുകളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ചൈനയില്‍ നിന്ന് അളവില്ലാത്ത വിധം കടമെടുത്തതാണ് ലങ്കയിലെ പ്രതിസന്ധിക്ക് ഒരു കാരണം. ശ്രീലങ്കയിലെ പല തുറമുഖങ്ങളും വിമാനത്താവളങ്ങളും ഭാവിയില്‍ ചൈന കൈവശപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.