ശക്തമായ കോണ്‍ഗ്രസ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അനിവാര്യത: നിതിന്‍ ഗഡ്കരി

ശക്തമായ കോണ്‍ഗ്രസ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അനിവാര്യത: നിതിന്‍ ഗഡ്കരി

മുംബൈ: പ്രാദേശിക കക്ഷികള്‍ പ്രതിപക്ഷ സ്ഥാനത്തെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതുണ്ടെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കണമെന്ന് ഗഡ്കരി പറഞ്ഞു. പുണെയില്‍ മാധ്യമ പുരസ്കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യോത്തര വേളയില്‍ ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമല്ലേയെന്ന ചോദ്യത്തിനാണ് കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച്‌ അദ്ദേഹം മറുപടി നല്‍കിയത്. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ പ്രാദേശിക കക്ഷികളാണ് കോണ്‍ഗ്രസിന്റെ സ്ഥാനങ്ങളിലെത്തുക. ഇത് നല്ല സൂചനയല്ല. 1950കളുടെ അവസാനത്തില്‍ അടല്‍ ബിഹാരി വാജ്പേയി ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് അപ്പോഴും അദ്ദേഹത്തോട് ആദരവുണ്ടായിരുന്നു. അതായത് ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടണമെന്നാണ് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ ആശയത്തില്‍ അടിയുറച്ച്‌ നില്‍ക്കുകയും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുകയും ചെയ്യണം.പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നതിനൊപ്പം പരാജയങ്ങളില്‍ നിരാശരാകാതിരിക്കുകയും വേണമെന്ന് ഗഡ്കരി പറഞ്ഞു.

പ്രധാനമന്ത്രിപദം ലക്ഷ്യമാണോയെന്ന ചോദ്യത്തിന് അത്തരമൊരു മത്സരത്തിന് താനില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. ആശയങ്ങളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നും അത്യാഗ്രഹിയല്ലെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.