മാര്‍ച്ച് 14-ന് പെര്‍ത്തില്‍ തമിഴ്‌നാട് സ്വദേശി നഴ്‌സും മക്കളും കാറിനുള്ളില്‍ വെന്തുമരിച്ചതും മെല്‍ബണ്‍ സംഭവവും തമ്മില്‍ സമാനതകളേറെ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മലയാളി യുവതിയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മെല്‍ബണിലെ ലിന്‍ഡ്ഹസ്റ്റില്‍ താമസിക്കുന്ന ജെയിംസിന്റെ ഭാര്യയും ഡാന്‍ഡെനോംഗ് ഹോസ്പിറ്റലിലെ രജിസ്‌ട്രേഡ് നഴ്‌സുമായ ജാസ്മിന്‍, ആറു വയസില്‍ താഴെയുള്ള പെണ്‍മക്കളായ എബിലിന്‍, കാരലിന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ലൈഫ് സ്പ്രിങ് പെന്തക്കോസ്തു സഭാംഗമാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയെന്ന കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
സംഭവസമയത്ത് കുട്ടികളുടെ പിതാവ് ജെയിംസ് വിദേശയാത്രയിലായിരുന്നു. അതിനിടെയാണ് ഭാര്യയുടെയും മക്കളുടെയും മരണവിവരം പോലീസ് വിളിച്ചറിയിക്കുന്നത്. തുടര്‍ന്ന് യാത്ര റദ്ദാക്കി ഓസ്ട്രേലിയയിലേക്കു മടങ്ങി.
ജാസ്മിനും മക്കളും
മാർച്ച് 24-ന് രാത്രി എട്ടു മണിയോടെയാണ് മലയാളികളെ കണ്ണീരിലാഴ്ത്തിയ വലിയ ദുരന്തമുണ്ടായത്. ക്രാന്‍ബേണ്‍ വെസ്റ്റില്‍ വെസ്റ്റേണ്‍ പോര്‍ട്ട് ഹൈവേയ്ക്കു സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് നിര്‍ത്തിയിട്ടിരുന്ന വാഹനം കത്തിക്കൊണ്ടിരുന്നത്. വഴിയാത്രക്കാരന്‍ വിളിച്ച് അറിയിച്ചതിനെതുടര്‍ന്ന് വിക്ടോറിയ പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചതിനു പിന്നാലെയാണ് വാഹനത്തിനുള്ളില്‍നിന്ന് അമ്മയുടെയും മക്കളുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ ആദ്യം എത്തിയത് ഒരു ട്രക്ക് ഡ്രൈവറാണ്. എന്നാല്‍ തീ ആളിക്കത്തിക്കൊണ്ടിരുന്നതിനാല്‍ കാറിനകത്ത് ആരെങ്കിലും അകപ്പെട്ടതായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ദുരന്തത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വാഹനത്തിന് തീപിടിച്ചത് എങ്ങനയെന്ന് ആരും കണ്ടിട്ടില്ലെന്നതും സി.സി.ടി.വി ക്യാമറകള്‍ ഇല്ലെന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
മെല്‍ബണിലെ ലൈഫ്സ്പ്രിംഗ് പെന്തക്കോസ്ത് ചര്‍ച്ചില്‍ യുവതിക്കും മക്കള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു. പാസ്റ്റര്‍ വില്‍സ് തോമസ് നേതൃത്വം നല്‍കി.
ലിന്‍ഡ്ഹസ്റ്റിലെ വീട്ടില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് യുവതി ജോലി ചെയ്തിരുന്ന ഡാന്‍ഡെനോംഗ് ഹോസ്പിറ്റല്‍. കോവിഡ് കാലത്താണ് ഇവര്‍ ലിന്‍ഡ്ഹസ്റ്റില്‍ വീട് നിര്‍മ്മിച്ച് താമസം മാറ്റിയതെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞയാഴ്ച ഇവര്‍ ആരാധനയില്‍ സംബന്ധിച്ചിരുന്നതായി പള്ളി അധികൃതര്‍ വ്യക്തമാക്കി. അടുത്ത കാലത്തായി കുടുംബം ഇടയ്ക്കിടെ പള്ളി ശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തിരുന്നുവെന്ന് പാസ്റ്റര്‍ വില്‍സ് തോമസ് പറഞ്ഞു. അതേസമയം കുടുംബത്തിന്റെ പശ്ചാത്തലമോ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവസ്ഥലത്ത് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രദേശവാസികള്‍ റോഡരികില്‍ പൂച്ചെണ്ടുകളും കളിപ്പാട്ടങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കാര്‍ അവിടെനിന്നു നീക്കം ചെയ്‌തെങ്കിലും കത്തിനശിച്ച അടയാളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
മാര്‍ച്ച് 14-നാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പെര്‍ത്തില്‍ താമസിക്കുന്ന സെല്‍വന്‍ ഗോവിന്ദന്‍ വൈരവന്റെ ഭാര്യയും രജിസ്‌റ്റേഡ് നഴ്‌സുമായ സെല്‍വമ്മ ദൊരെസ്വാമി, മക്കളായ അഭിയ സെല്‍വന്‍ (10), എയ്ഡന്‍ സെല്‍വന്‍ (8) എന്നിവരാണ് അന്നു മരിച്ചത്. സംഭവം ആത്മഹത്യയെന്നാണു പോലീസ് വ്യക്തമാക്കിയിരുന്നു.
പെര്‍ത്ത് സംഭവത്തില്‍ മരിച്ച സെല്‍വമ്മ ദൊരെസ്വാമി, മക്കളായ അഭിയ സെല്‍വന്‍, എയ്ഡന്‍ സെല്‍വന്‍ എന്നിവര്‍
സമാനമായ രീതിയിലാണ് ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ മെല്‍ബണില്‍ മലയാളി യുവതിയും മക്കളും മരിച്ചത്.
പെര്‍ത്തിലെ സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ പിതാവ് സെല്‍വന്‍ ഗോവിന്ദന്‍ വിദേശ യാത്രയിലായിരുന്നു. പോലീസ് ഇദ്ദേഹത്തെ യാത്രയ്ക്കിടെ തിരിച്ചുവിളിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.