'മതി... അവസാനിപ്പിക്കൂ ഈ യുദ്ധം, അതു നമ്മെ തുടച്ചുനീക്കും മുന്‍പ്'-വികാരഭരിതനായി മാര്‍പാപ്പ

 'മതി... അവസാനിപ്പിക്കൂ ഈ യുദ്ധം, അതു നമ്മെ  തുടച്ചുനീക്കും മുന്‍പ്'-വികാരഭരിതനായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഉക്രെയ്‌നില്‍ റഷ്യയുടെ വിട്ടുവീഴ്ച്ചയില്ലാത്ത ആക്രമണം ഒരു മാസത്തിനു ശേഷവും തുടരുമ്പോള്‍ സമാധാനത്തിനായുള്ള ആഹ്വാനവുമായി വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ. 'മതി... നിര്‍ത്തൂ... ആയുധങ്ങളെ നിശബ്ദമാക്കൂ. നമുക്ക് സമാധാനത്തിലേക്കു ഗൗരവമായി നീങ്ങാം'.-ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ മുപ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ മാര്‍പാപ്പ ശക്തമായ ഭാഷയില്‍ പറഞ്ഞു.

എല്ലാ യുദ്ധങ്ങളും പോലെ ക്രൂരവും വിവേകശൂന്യവുമായ റഷ്യ-ഉക്രെയ്ന്‍ യുദ്ധം രണ്ടാം മാസത്തിലേക്കു കടന്നു. ഇത് മനുഷ്യരാശിയുടെ പരാജയത്തെയാണ് പ്രതിനിധീകരിക്കുന്നത്- പ്രതിവാര ത്രികാല പ്രാര്‍ത്ഥന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

യുദ്ധത്തെ നാം തള്ളിക്കളയണം. അച്ഛനും അമ്മയും മക്കളെ അടക്കം ചെയ്യുന്ന മരണസ്ഥലമായി യുദ്ധഭൂമി മാറി. ഇതുവരെ കാണാത്ത സഹോദരങ്ങളെയും സഹോദരിമാരെയും കൊല്ലുന്ന സാഹചര്യം. അധികാരമുള്ളവര്‍ തീരുമാനിക്കുകയും പാവപ്പെട്ടവര്‍ മരിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് പാപ്പ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ പരിശുദ്ധ പിതാവ് ശക്തമായ അഭ്യര്‍ത്ഥനയാണു നടത്തിയത്.

അധിനിവേശത്തെത്തുടര്‍ന്ന് ഉക്രെയ്‌നിലെ കുട്ടികളില്‍ പകുതിയും പലായനം ചെയ്യപ്പെട്ടതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. യുദ്ധം വര്‍ത്തമാനകാലത്തെ മാത്രമല്ല, ഒരു സമൂഹത്തിന്റെ ഭാവിയെയും നശിപ്പിക്കുന്നു. നമുക്കിടയിലെ ഏറ്റവും ചെറിയവരും നിരപരാധികളുമായവരില്‍ അത് കടുത്ത ആഘാതമുണ്ടാക്കുന്നു. ഇത് യുദ്ധത്തിന്റെ ഏറ്റവും മൃഗീയവും ക്രൂരവുമായ മുഖമാണ്.

യുദ്ധം ആര്‍ക്കും അനിവാര്യമായ ഒന്നായിരിക്കരുത്. നാം യുദ്ധം ശീലമാക്കരുതെന്ന് ആവശ്യപ്പെട്ട പരിശുദ്ധ പിതാവ് പകരം ഇന്നത്തെ പ്രകോപനം നാളത്തേയ്ക്കുള്ള പ്രതിബദ്ധതയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു.

മനുഷ്യചരിത്രത്തെ യുദ്ധം തുടച്ചു നീക്കുന്നതിന് മുമ്പ്, യുദ്ധം നിര്‍ത്തലാക്കാനുള്ള സമയമായിരിക്കുന്നുവെന്ന് മനുഷ്യരാശി മനസിലാക്കണം. ഇക്കാര്യം എല്ലാ രാഷ്ട്രീയ നേതാക്കളും ഗൗരവമായി ചിന്തിക്കണമെന്നും ഇതിനായി സ്വയം സമര്‍പ്പിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. യുദ്ധം ഓരോ ദിവസവും ജനങ്ങളുടെ സ്ഥിതി എങ്ങനെ വഷളാക്കുന്നു എന്ന് മനസിലാക്കാന്‍ തകര്‍ന്ന ഉക്രെയിനിലേക്ക് നോക്കിയാല്‍ മതി-പാപ്പ പറഞ്ഞു.

സമാധാനത്തിന്റെ രാജ്ഞിയോടു നമുക്ക് അശ്രാന്തമായി പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ റഷ്യയെയും ഉക്രെയ്‌നെയും പരിശുദ്ധ പിതാവ് വിമലഹൃദയത്തിന് സമര്‍പ്പിച്ചത്.

സമര്‍പ്പണ പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടുമുള്ള ബിഷപ്പുമാരും വൈദികരും വിശ്വാസികളും പങ്കുചേര്‍ന്നു. തീക്ഷണവും പ്രാര്‍ഥനാപൂര്‍വവുമായ പങ്കാളിത്തത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26