മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മിൽ സംഘര്‍ഷം; ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം

മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മിൽ സംഘര്‍ഷം; ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം

ഇടുക്കി: മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എം എല്‍ എ എ. രാജയ്ക്ക് പൊലീസിന്റെ മര്‍ദനം. പണിമുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു എംഎല്‍എ. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്. പൊലീസാണ് മര്‍ദിച്ചതെന്നാണ് പരാതി.

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. ഏകപക്ഷീയമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. എസ് ഐ അടക്കമുള്ള പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും എ രാജ ആരോപിച്ചു. മര്‍ദനമേറ്റതിന് പിന്നാലെ മര്‍ദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്ന് എംഎല്‍എ പറഞ്ഞു.

പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികള്‍ മൂന്നാറില്‍ നടത്തിയ യോഗത്തില്‍ സംസാരിച്ചത് എ രാജയായിരുന്നു. പരിപാടിയുടെ ഭാഗമായി വേദിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റോഡിലേക്ക് അല്‍പം നീങ്ങിയ നിലയിലായിരുന്നു. ശേഷം റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ തടയാന്‍ സമരക്കാര്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഇടപെട്ടു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയത്.

സമരത്തില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂര്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.