വന്‍ നികുതി ഇളവുകളുമായി ഓസ്‌ട്രേലിയന്‍ ബജറ്റ്; ഇന്ധന വില കുറയും; സൈബര്‍ സുരക്ഷയ്ക്ക് 1000 കോടി

വന്‍ നികുതി ഇളവുകളുമായി ഓസ്‌ട്രേലിയന്‍ ബജറ്റ്;  ഇന്ധന വില കുറയും; സൈബര്‍ സുരക്ഷയ്ക്ക് 1000 കോടി

കാന്‍ബറ: പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലയന്‍ സര്‍ക്കാര്‍. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധമുള്ള നികുതി ഇളവുകളാണ് ധനമന്ത്രി ജോഷ് ഫ്രൈഡന്‍ബര്‍ഗ് 2022-23ലെ ഫെഡറല്‍ ബജറ്റില്‍ അവതരിപ്പിച്ചത്.

1,26,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 420 ഡോളര്‍ ഒറ്റത്തവണ ബോണസായി നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. 18 വയസിനു മുകളില്‍ പ്രായമുള്ള നികുതി ദായകരായ എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ മലയാളികള്‍ അടക്കമുള്ള ഇടത്തരക്കാര്‍ ഏറെ ആഹ്‌ളാദത്തോടെയാണ് ഈ പ്രഖ്യാപനത്തെ വരവേറ്റത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് നല്‍കി വന്നിരുന്ന ടാക്‌സ് ഓഫ്‌സെറ്റ് 1080 ഡോളര്‍ തുടര്‍ന്നും ലഭിക്കും. ഇതോടെ വ്യക്തികള്‍ക്ക് 1,500 ഡോളറും നികുതിദായകരായ കുടുംബത്തിന് 3,000 ഡോളറും ലഭിക്കും.

പെട്രോള്‍-ഡീസല്‍ നികുതി ഇനങ്ങളില്‍ വന്‍ കുറവു വരുത്തിയതാണ് ബജറ്റിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ലിറ്ററിന് 22 സെന്റ് വില കുറയും. അടുത്ത ആറു മാസത്തേക്കാണ് ഈ ആനുകൂല്യം നല്‍കുക. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ധനനികുതിയിലെ ഇളവ് പ്രാബല്യത്തില്‍ വന്നു. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 44.2 സെന്റാണ് കേന്ദ്രനികുതി. ഇത് 22.1 സെന്റായാണ് കുറച്ചിരിക്കുന്നത്.

60 ലക്ഷം ആളുകള്‍ക്ക് അടുത്ത മാസം 250 ഡോളര്‍ ഒറ്റത്തവണയായി നേരിട്ടു നല്‍കുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

പെന്‍ഷന്‍കാര്‍, മുന്‍ സൈനികര്‍, കണ്‍സഷന്‍ കാര്‍ഡുടമകള്‍ തുടങ്ങി കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജീവിതച്ചെലവ് കുറച്ചുകൊണ്ടു വരിക, ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ദേശീയ സുരക്ഷയും പ്രതിരോധ സംവിധാനവും ശക്തമാക്കുക എന്നിവയാണ് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ പുതിയ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.

ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കുമായി നികുതി ഇളവ് ആനകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ 560 കോടി ഡോളറാണ് ഒരു വര്‍ഷം സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നത്. ഇന്ധനനികുതി കുറച്ചതിലൂടെ 300 കോടി ഡോളറിന്റെ വരുമാനനഷ്ടം സര്‍ക്കാരിനുണ്ടാകും.

ഓസ്‌ട്രേലിയന്‍ സ്‌പേസ് ഡിവിഷനു വേണ്ടി 100 കോടി ഓസ്‌ട്രേലിയന്‍ ഡോളറാണ് വകയിരുത്തിയത്. ഇത് നിര്‍ണായക തീരുമാനമായി ഓസ്‌ട്രേലിയ സ്‌പേസ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ബ്രൗണ്‍ വ്യക്തമാക്കി.

സൈബര്‍ സുരക്ഷയ്ക്കായി വന്‍ തുക നീക്കിവച്ചതാണ് ബജറ്റിലെ മറ്റൊരു സവിശേഷത. ഇതിലൂടെ ഓസ്‌ട്രേലിയന്‍ ഇലക്‌ട്രോണിക് രഹസ്യാന്വേഷണ ഏജന്‍സിയായ ഓസ്ട്രേലിയന്‍ സിഗ്‌നല്‍ ഡയറക്ടറേറ്റിന്റെ (എ.എസ്.ഡി) ശേഷി ഇരട്ടിയാക്കി വര്‍ധിപ്പിക്കും. 1000 കോടി ഡോളറാണ് അടുത്ത പത്തു വര്‍ഷത്തേയ്ക്കായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 400 കോടി ആദ്യത്തെ നാലു വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കണം.

വര്‍ധിച്ചു വരുന്ന സൈബര്‍ ഭീഷണി നേരിടാന്‍ ഓസ്‌ട്രേലിയന്‍ സിഗ്നല്‍സ് ഡയറക്ടറേറ്റിനെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തേടെയാണ് ഇത്രയധികം ഫണ്ട് നീക്കിവയ്ക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എ.എസ്.ഡിയുടെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.

പാക്കേജിന് കീഴില്‍, ഡാറ്റാ അനലിസ്റ്റുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ എന്നിവരുള്‍പ്പെടെ 1,900 തൊഴിലവസരങ്ങള്‍ എ.എസ്.ഡിയില്‍ ഒരു ദശാബ്ദത്തിനിടെ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഭൗമ നിരീക്ഷണത്തിനായുള്ള സ്‌പേസ് മിഷന്‍ ഫോര്‍ എര്‍ത്ത് ഒബ്‌സര്‍വേഷന് 120 കോടി ഡോളര്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയ നാല് ഉപഗ്രഹങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കും.

അതേ സമയം, പണപ്പെരുപ്പം വര്‍ധിക്കുന്നതിന് അനുസരിച്ച് തൊഴിലാളികളുടെ ശമ്പളത്തില്‍ വര്‍ധന വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന പ്രധാന ആക്ഷേപവുമായിട്ടാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.