ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. സൂര്യനെല്ലി കൃപാഭവനില്‍ ബാബുവാണ് (60) മരിച്ചത്. വീടിന് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബാബുവിനെ കാട്ടാന തുമ്പികൈ കൊണ്ട് അടിച്ച് വീഴ്ത്തി നിലത്തിട്ട് ചവിട്ടുകയായിരുന്നു. കാട്ടാന ശല്യത്തെകുറിച്ച് നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
പുലര്‍ച്ചെയായതിനാല്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയില്‍ മേഖലയില്‍ കാട്ടാന തമ്പടിച്ചിരുന്നു. രാവിലെ ആറോടെ കാട്ടാന കൂട്ടമായി തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസിയോട് ഇക്കാര്യം പറയാനായി വീട്ടില്‍ നിന്നിറങ്ങി മുന്നോട്ട് നടക്കുന്നതിനിടെയാണ് വീടിന് സമീപത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന ബാബുവിനെ ആക്രമിച്ചത്.
നാട്ടുകാരെത്തി ബഹളം വച്ചാണ് കാട്ടാനയെ സമീപത്ത് നിന്നും മാറ്റിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്തെത്തി. മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നാല്‍പതോളം പേരാണ് കാട്ടാന ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത്. ഇപ്പോഴും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ജോലിക്ക് പോലും പോകാന്‍ കഴിയാത്തവരുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.