ആരോഗ്യ മേഖലയുടെ ഭാവി മുന്നൊരുക്കത്തിനാഹ്വാനം ചെയ്ത് ലോക ഗവണ്മെന്റ് ഉച്ചകോടി

ആരോഗ്യ മേഖലയുടെ ഭാവി മുന്നൊരുക്കത്തിനാഹ്വാനം ചെയ്ത് ലോക ഗവണ്മെന്റ് ഉച്ചകോടി

യുഎഇ: പൗരക്ഷേമത്തിനായുള്ള ആരോഗ്യമേഖലയുടെ ഭാവിയ്ക്കായി പൊതു - സ്വകാര്യമേഖലകളുടെ പങ്കാളിത്ത മാതൃകയിൽ ഊന്നി ലോക ഗവർണ്മെന്റ് ഉച്ചകോടി. നൂതന രീതികൾ പ്രാവർത്തികമാക്കൽ, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയ്ക്കൊപ്പം സ്വയം മുന്നിട്ടിറങ്ങുന്ന സ്വകാര്യമേഖ കൂടി ആരോഗ്യരംഗത്തിന്റെ ഭാവി മുന്നൊരുക്കത്തിൽ നിർണായകമാണെന്ന് ഉച്ചകോടിയിലെ ആരോഗ്യഫോറം വിലയിരുത്തി.

നവലോകത്തിൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ പങ്ക് പ്രധാനമാണെന്ന് ഫോറത്തെ അഭിസംബോധന ചെയ്ത് യുഎഇ ആരോഗ്യമന്ത്രി അബ്ദുൾ റഹ്മാൻ അൽഒവൈസ് പറഞ്ഞു. ജിനോമിക്‌ മെഡിസിൻ, റോബോട്ടിക് സാങ്കേതിക വിദ്യ എന്നിവയൊക്കെ പുതിയ കാലത്തെ ആരോഗ്യമേഖലയുടെ ഭാഗമാണ്.

മഹാമാരിക്കാലത്ത് പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി യുഎഇ ഭരണാധികാരികൾ നടത്തിയ ഇടപെടലുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. "കോവിഡിന് എതിരായ പോരാട്ടത്തിൽ യുഎഇ ഒന്നാമതെത്തിയത് ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ്."
ആരോഗ്യരംഗത്തെ ശേഷി-വർദ്ധിപ്പിക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയുടെ പ്രാധാന്യം യുഎഇ ദീർഘകാലമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഫോറത്തിൽ മുഖ്യപ്രഭാഷണം നടത്തിയ വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കും. 

ആരോഗ്യ പദ്ധതികളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഉൽപ്പാദനം സ്വകാര്യമേഖലയ്ക്ക് സാമ്പത്തിക പ്രോത്സാഹനം നൽകും. കാര്യക്ഷമമായ ചെലവും ഇത് പ്രദാനം ചെയ്യും. നവീകരണവും സാങ്കേതിക വിദ്യയുടെ ഉപയോഗവും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിലും നൈപുണ്യ പരിശീലനത്തിലും ഗവേഷണത്തിലും നിക്ഷേപം നടത്തുകയാണ് വിപിഎസ് ഹെൽത്ത്കെയർ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പ് പുതുതായി ആരംഭിക്കാനിരിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ പദ്ധതി യുഎഇ ആരോഗ്യമേഖലയിൽ ജോലികളും രോഗികൾക്ക് മെച്ചപ്പെട്ട പരിചരണവും ലഭ്യമാക്കും. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, രോഗി പരിചരണം എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോവുകയെന്നും ഡോ. ഷംഷീർ വ്യക്തമാക്കി.

ഡോ. നദീൻ ഹഷ്ഹാഷ് (സിഇഒ, പ്രോക്സിമി), പ്രൊഫ. ദരീക് ഒ കീഫി (പ്രൊഫ. മെഡിക്കൽ ഡിവൈസ് ടെക്നോളക്ജി, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അയർലൻഡ് ഗേറ്റ്‌വെ), ഡോ. കെയ്റ്റ്ലിൻ സാഡ്റ്റ്‌ലർ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ എൻജിനീയറിങ്, യുഎസ്), ഡോ. ഡാനിയേൽ ക്രാഫ്റ്റ് (ഫൗണ്ടർ ആൻഡ് ചെയർ, എക്സ്‌പോണൻഷ്യൽ മെഡിസിൻ) എന്നിവർ ഫോറത്തിൽ സംവദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.