ആറുമാസത്തെ എക്സ്പോ ആഘോഷങ്ങൾക്ക് ഇന്ന് സമാപനം; ഇതുവരെ എത്തിയത് 2.30 കോടി ആളുകൾ

ആറുമാസത്തെ എക്സ്പോ ആഘോഷങ്ങൾക്ക് ഇന്ന് സമാപനം; ഇതുവരെ എത്തിയത്  2.30 കോടി ആളുകൾ

ദുബായ്: 182 ദിവസത്തെ എക്സ്പോ ആഘോഷങ്ങള്‍ക്ക് ഇന്ന് പരിസമാപ്തി. രാത്രിമുഴുവന്‍ നീളുന്ന ആഘോഷമൊരുക്കിയാണ് ദുബായ് എക്സ്പോ 2020യോട് വിടചൊല്ലുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്സ്പോയിലേക്ക് സന്ദർശകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇന്നും അതുതന്നെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 


 കോവിഡ് മഹാമാരിക്കിടയിലും ചരിത്രമെഴുതിയാണ് എക്സ്പോ സമാപിക്കുന്നത്. ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെങ്കില്‍ സമാപനചടങ്ങ് എക്സ്പോ വേദിയിലെത്തി ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സമാപന ചടങ്ങ് നടക്കുന്ന അല്‍ വാസല്‍ ഡോമിലെ പൂന്തോട്ടത്തിലേക്ക് വിഐപികള്‍ക്ക് മാത്രമാണ് പ്രവേശനമുളളത്. രാത്രിമുഴുവന്‍ നീളുന്ന ആഘോഷ പരിപാടികളാണ് അധികൃതർ ഒരുക്കിയിട്ടുളളത്. 

എക്സ്പോയിലെ 20 ഇടങ്ങളില്‍ വലിയ സ്ക്രീനില്‍ ആഘോഷപരിപാടികളുടെ തല്‍സമയ പ്രക്ഷേപണമുണ്ടാകും. സന്ദർശകർക്ക് യാത്രാ സൗകര്യമൊരുക്കി എക്സ്പോ 2020 മെട്രോ 24 മണിക്കൂറും പ്രവർത്തിക്കും. രാത്രി ഏഴുമണിയോടെയാണ് ഔദ്യോഗിക സമാപന ചടങ്ങ് ആരംഭിക്കുക. സെപ്റ്റംബർ 30 ന് നടന്ന ഉദ്ഘാടന ചടങ്ങിലെത്തിയ പെണ്‍കുട്ടി നൈനിറ്റാള്‍ സ്വദേശിയായ മിറാ സിംഗ് ആറുമാസത്തെ കാഴ്ചകള്‍ കാണികളിലേക്ക് എത്തിക്കും. ഗ്രാമി ജേതാവ് യൊയൊ മാ, നോറാ ജോണ്‍സ് ക്രിസ്റ്റീന ഒഗിലേറ എന്നിവരുടെ കലാപ്രകടനങ്ങളുമുണ്ടാകും. 8 മണിയോടെ ഔദ്യോഗിക സമാപനചടങ്ങുകള്‍ അവസാനിക്കുമെങ്കിലും കലാവിരുന്നുകള്‍ രാത്രി മുഴുവന്‍ തുടരും. 8.45 ന് ദുബായ് മില്ലേനിയം ആംഫി തിയറ്ററില്‍ ഗ്രാമി ജേതാവ് യൊയൊ മായുടെ പ്രകടനമുണ്ടാകും. 9 മണിക്ക് നോറാ ജോണ്‍സാണ് സന്ദർശകരെ ത്രസിപ്പിക്കുക. 10.45 ന് ക്രിസ്റ്റീന ഓഗിലേറയും ജൂബിലി സ്റ്റേജില്‍ കലാവിരുന്നുമായെത്തും. 

ഇന്ത്യന്‍ അഭിമാനം എ ആർ റഹ്മാന്‍റെ ഫിർദൗസ് ഓർക്കസ്ട്ര യസ്മീന സബയുടെ നേതൃത്വത്തില്‍ 40 കുട്ടികളടങ്ങുന്ന ബാന്‍റിലൂടെ യുഎഇയുടെ ദേശീയ ഗാനം മുഴങ്ങും. 


രാത്രി 11.55 നും പുലർച്ചെ മൂന്ന് മണിക്കും വ‍ർണാഭമായ കരിമരുന്ന് പ്രയോഗം നടക്കും. വിവിധ വേദികളില്‍ കലാകാരന്മാരുടെ പ്രകടനങ്ങളുമുണ്ടാകും. എല്ലാ വേദികളിലും ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിർച്വല്‍ എക്സ്പോയിലും എക്സ്പോ ടിവിയിലും ചടങ്ങുകളുടെ തല്‍സമയ പ്രക്ഷേപണമുണ്ടാകും. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷികളാകാന്‍ നിരവധി പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.