0 ജനാധിപത്യത്തിന്റെ സിംഹത്തിനു സ്വാഗതമെന്ന് സ്‌കോട്ട് മോറിസണ്‍
0 25 മില്യണ്‍ ഡോളര്‍ അധികസഹായം കൂടി പ്രഖ്യാപിച്ചു
0 മലേഷ്യന്‍ വിമാനം തകര്‍ത്തപ്പോള്‍ റഷ്യയെ നിയന്ത്രിച്ചിരുന്നെങ്കില്‍ ഇന്നീ അധിനിവേശമുണ്ടാകുമായിരുന്നില്ലെന്ന് സെലന്‍സ്‌കി
കാന്‍ബറ: റഷ്യക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ സഹായം അഭ്യര്‍ഥിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. തന്റെ സൈനിക വ്യൂഹത്തെ സഹായിക്കാന്‍ ബുഷ്മാസ്റ്റര്‍ പോലുള്ള യുദ്ധവാഹനങ്ങള്‍ ഓസ്‌ട്രേലിയ ഉക്രെയ്‌നിലേക്ക് അയയ്ക്കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത ഘട്ടത്തിലാണ് സെലന്‍സ്‌കി പാശ്ചാത്യ സഹായം തങ്ങളുടെ നിലനില്‍പിന് അനിവാര്യമാണെന്നു വ്യക്തമാക്കിയത്.
നിറഞ്ഞ കൈയടിയോെടയാണ് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സെലന്‍സ്‌കിയുടെ പ്രസംഗത്തെ സ്വീകരിച്ചത്.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബാനീസും ചേര്‍ന്നാണ് സെലന്‍സ്‌കിയെ സ്വാഗതം ചെയ്തത്. ജനാധിപത്യത്തിന്റെ സിംഹത്തെ സ്വാഗതം ചെയ്യുന്നു എന്നാണ് സ്‌കോട്ട് മോറിസണ്‍ വിശേഷിപ്പിച്ചത്.
ഉക്രെയ്‌ന് ഞങ്ങളുടെ പ്രാര്‍ത്ഥനകളുണ്ട്, ആയുധങ്ങളും സൈനിക സഹായവും നിങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മോസ്‌കോയിലെ യുദ്ധക്കുറ്റവാളിക്കൊപ്പമല്ലെന്നും സ്‌കോട്ട് മോറിസണ്‍ നിലപാട് വ്യക്തമാക്കി. പടിഞ്ഞാറിനെ വിഭജിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം നമ്മെ കൂടുതല്‍ അടുപ്പിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ റഷ്യക്കെതിരായ പോരാട്ടത്തിന് ഉക്രെയ്ന്‍ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമാണ്. ഉക്രെയ്ന്‍ മണ്ണിലേക്ക് അതിക്രമിച്ചു കയറിയ റഷ്യ ശിക്ഷിക്കപ്പെടുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെലന്‍സ്‌കിയുടെ അഭ്യര്‍ഥനയെതുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച സാഹയത്തിനു പുറമേ 25 മില്യണ്‍ ഡോളര്‍ കൂടി സൈനിക സഹായമായി നല്‍കാനും ഓസ്‌ട്രേലിയ തീരുമാനിച്ചു.
ഓസ്‌ട്രേലിയയിലെ എം.പിമാരും സെനറ്റര്‍മാരും അടങ്ങുന്ന ജനപ്രതിനിധി സഭയെയാണ് സെലന്‍സ്‌കി അഭിസംബേധന ചെയ്തത്. പരിഭാഷകന്റെ സഹായത്തോടെ സംസാരിച്ച സെലന്‍സ്‌കി ഉക്രെയ്‌ന് ആയുധങ്ങളും റഷ്യയ്ക്കും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കും കൂടുതല്‍ ശക്തമായ ഉപരോധങ്ങളുമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി.
2014-ല്‍ ഉക്രെയ്‌ന്റെ ആകാശത്തുവച്ച് റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതും 38 ഓസ്ട്രേലിയക്കാരുള്‍പ്പെടെ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടതും സെലന്‍സ്‌കി പരാമര്‍ശിച്ചു. ഈ കടന്നുകയറ്റത്തിനും ആക്രമണത്തിനും ആരാണ് ഉത്തരവാദി എന്ന് ഓര്‍ക്കണം.
വിമാനം തകര്‍ത്തപ്പോള്‍ റഷ്യയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ തക്കതായ മറുപടി കൊടുത്തിരുന്നെങ്കില്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു. ഈ ദുരന്തത്തിന് കാരണക്കാരായവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നമുക്കു കഴിഞ്ഞില്ല. കാരണം അവര്‍ റഷ്യയില്‍ ഒളിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. അതിനാല്‍ അന്നു ശിക്ഷിക്കപ്പെടാതിരുന്ന തിന്മയുടെ ശക്തികള്‍ വീണ്ടും തിരികെ വന്നു.
'2014-ല്‍ റഷ്യയെ ലോകം ശിക്ഷിച്ചിരുന്നെങ്കില്‍, 2022-ല്‍ ഉക്രെയ്‌നില്‍ ഈ അധിനിവേശം ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴത്തെ കടന്നുകയറ്റത്തിന് റഷ്യ ശിക്ഷിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
ലോകത്താകമാനം ഭീഷണിയായ ശത്രു സൈന്യത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ഓര്‍ക്കണം. ഓസ്‌ട്രേലിയയുടെ കൈവശമുള്ള യുദ്ധവാഹനങ്ങള്‍ പ്രത്യേകിച്ച് ബുഷ്മാസ്റ്റര്‍ പോലുള്ളവ ഉക്രെയ്‌ന് തന്നു സഹായിച്ചാല്‍ അതു വലിയ പിന്തുണയാകും. ആയുധ ശക്തിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാനാകൂ.
തിന്മയ്‌ക്കെതിരേയാണ് തങ്ങള്‍ പോരാടുന്നത്. ലോകത്തെവിടേക്കും അതിര്‍ത്തികള്‍ ഭേദിച്ച് റഷ്യ വരാനിരിക്കുന്നതേയുള്ളൂ. അതു മുന്‍കൂട്ടി കാണണം. നിരവധി വര്‍ഷങ്ങളായി ആണവ ഭീഷണി നമുക്കുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് വേണ്ടി വന്നാല്‍ രാസ ജൈവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് റഷ്യ പരസ്യമായി ഭീഷണിപ്പെടുത്തുന്നതെന്ന് ഓര്‍ക്കണം.
തങ്ങള്‍ക്കൊപ്പം നിലകൊണ്ടാല്‍ അതു മഹത്തായ കാര്യമായിരിക്കുമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് ഓര്‍മിപ്പിച്ചു. ഉക്രെയ്ന്റെ സ്വാതന്ത്ര്യമോ അന്തസ്സോ നശിപ്പിക്കാന്‍ യുദ്ധത്തിന് കഴിയില്ലെങ്കിലും ഇതു മറ്റു രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നു സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.