ഇസ്ലാമാബാദ്: രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാതെ ദേശീയ അസംബ്ലി പിരിഞ്ഞു. ഇനി ഏപ്രില്‍ മൂന്നിന് മാത്രമേ സഭ ചേരൂവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു. പ്രതിപക്ഷവുമായി ഇമ്രാന്‍ ധാരണയിലെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അവിശ്വാസ പ്രമേയം പിന്‍വലിച്ചാല്‍ സഭ പിരിച്ചുവിടാമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഇമ്രാന്‍ ഖാന്‍ നിര്‍ദേശം വച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന് ഇമ്രാന്‍ ഖാന്‍ പ്രത്യേക ദൂതന്‍ മുഖേന കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തിയാല്‍ ഇരു വിഭാഗത്തിനും സമ്മതനായ ഒരു ഉന്നത നേതാവ് ഇതു സംബന്ധിച്ച് ഇടനിലക്കാരനായി വര്‍ത്തിക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഖ്യകക്ഷികളായ എംക്യുഎംപിയും ബിഎപിയും പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന്‍ ഖാന് ഭൂരിപക്ഷം നഷ്ടമായത്. മാര്‍ച്ച് 28 നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും കാലാവധി തികച്ചിട്ടില്ല. അതേസമയം, ഒരു പ്രധാനമന്ത്രി പോലും അവിശ്വാപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടിട്ടുമില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പാക്ക് പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. 2018 ലാണ് ഇമ്രാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നത്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനൊപ്പം സാമ്പത്തികമായി കൂപ്പുകുത്തുന്ന പാക് സമ്പദ് വ്യവസ്ഥയും ഇമ്രാന് വലിയ തലവേദനയാണ്. രാജ്യം കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രതീക്ഷയോടെ അധികാരത്തിലെത്തിയ മുന്‍ ക്രിക്കറ്റര്‍ക്ക് കാര്യമായൊന്നും ചെയ്യാനും സാധിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.