നൂറിന് മുകളില്‍ പ്രായമുണ്ട്. എന്നാല്‍ ഇതുവരെ പ്രായപൂര്‍ത്തിയായിട്ടില്ല. പറഞ്ഞ് വരുന്നത് 200 ഓളം വര്‍ഷം ജീവിക്കുന്ന അപൂര്‍വ്വ ഇനത്തില്‍ പെട്ട ഗ്രീന്‍ലാന്റ് സ്രാവുകളെക്കുറിച്ചാണ്. ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള ന്യൂലിന്‍ ഹാര്‍ബര്‍ തീരത്ത് വന്നടിഞ്ഞ അപൂര്‍വ ഇനത്തില്‍പ്പെട്ട സ്രാവ് ഗവേഷകരെ വരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നാലു മീറ്ററിനടുത്ത് വലുപ്പമുള്ള പെണ്‍ സ്രാവിനെ ടൂര്‍ ഏജന്‍സിയായ മെര്‍മെയ്ഡ് പ്ലഷര്‍ ട്രിപ്പ്‌സിലെ ജോലിക്കാരാണ് കണ്ടെത്തിയത്.
കാഴ്ചയില്‍ സാധാരണ സ്രാവുകളില്‍ നിന്നും വ്യത്യസ്തമായിരുന്നതിനാല്‍ ചത്ത സ്രാവിനെ ഏജന്‍സിലിയെ ജോലിക്കാര്‍ പരിശോധനയ്ക്കായി സമുദ്ര ഗവേഷകര്‍ക്ക് നല്‍കുകയായിരുന്നു. വിശദമായ ഗവേഷണത്തിലാണ് ഇത് ഗ്രീന്‍ലാന്റ് സ്രാവാണെന്ന് കണ്ടെത്തിയത്. കോണ്‍വാള്‍ മറൈന്‍ പാതോളജി സംഘം സ്രാവിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി.
യുകെയില്‍ തന്നെ ഇതാദ്യമായാണ് ഒരു ഗ്രീന്‍ലാന്റ് സ്രാവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. സമുദ്രത്തിലെ ആഴം കൂടിയ തണുപ്പുള്ള സ്ഥലങ്ങളിലാണ് ഈ ഇനത്തില്‍ പെട്ട സ്രാവുകളെ കണ്ടു വരുന്നത്. സ്രാവിന് 100 വയസിന് മുകളില്‍ പ്രായമുണ്ടാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിന് ഇപ്പോഴും പ്രായപൂര്‍ത്തിയായിട്ടില്ല.
ഗ്രീന്‍ലന്‍ഡ് സ്രാവുകളിലെ പെണ്‍ വര്‍ഗങ്ങള്‍ക്ക് പ്രത്യുല്‍പാദന ശേഷി ഉണ്ടാവുന്നത് 150 വയസ് ആകുമ്പോഴാണ്. അപ്പോഴേക്കും അവയ്ക്ക് നാലര മീറ്ററിനു മുകളില്‍ നീളമുണ്ടാകും. തീരത്തടിഞ്ഞ സ്രാവിന് 3.96 മീറ്റര്‍ മാത്രമാണ് നീളം.
ഗ്രീന്‍ലന്‍ഡ് സ്രാവുകളെ കണ്ടെത്തുന്നത് അപൂര്‍വമായതിനാല്‍ അവയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങളൊന്നും നടന്നിട്ടില്ല. അത്തരമൊരു പഠനം നടത്താന്‍ സുവര്‍ണാവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഗവേഷകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.