വത്തിക്കാൻ സിറ്റി: കാനഡയിലെ കത്തോലിക്ക സ്‌കൂളുകളില്‍ ക്രിസ്തീയവല്‍കരണത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച് താമസിപ്പിച്ച തദ്ദേശീയ ഗോത്രവര്‍ഗങ്ങളില്‍ പെട്ട ആയിരക്കണക്കിന് കുട്ടികളെ വംശഹത്യയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാപ്പ് ചോദിച്ചു.
മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നതിന് വത്തിക്കാനില്‍ എത്തിയ തദ്ദേശീയ ഗോത്രവര്‍ഗ സംഘടനാ പ്രതിനിധികളുടെ മുന്നിലാണ് അദ്ദേഹം മാപ്പു ചോദിച്ചത്. മാര്‍പ്പാപ്പ മാപ്പു പറയുക തങ്ങളുടെ സമുദായങ്ങള്‍ക്കു നേരെ പതിറ്റാണ്ടുകളോളം നടത്തിയ ക്രൂരതകള്‍ക്ക് സഭ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിച്ച് നേതാക്കള്‍ മാര്‍പ്പാപ്പയെ കാണാന്‍ എത്തിയത്.
കത്തോലിക്ക സഭയുടെ അംഗങ്ങളില്‍നിന്നുണ്ടായ നിഷ്ഠൂരമായ പെരുമാറ്റങ്ങള്‍ക്ക് ദൈവത്തിനോട് മാപ്പ് യാചിക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു. ഈ സംഭവങ്ങളില്‍ അഗാധമായി വേദനിക്കുന്നതായി പ്രതിനിധി സംഘത്തിന് മുന്നില്‍ മാര്‍പ്പാപ്പ പറഞ്ഞു. പശ്ചാതാപത്തിന്റെ പാതയില്‍ സഞ്ചരിച്ച് ഗോത്ര സമൂഹങ്ങളോട് മാപ്പുപറഞ്ഞ കനേഡിയന്‍ ബിഷപ്പുമാര്‍ക്കൊപ്പം താന്‍ കണ്ണിചേരുന്നതായും അദ്ദേഹം പറഞ്ഞു.
വിശുദ്ധ അന്നയുടെ തിരുനാളായ ജൂലൈ 26 ന് കാനഡ സന്ദർശിക്കാനാവുമെന്ന് കരുതുന്നതായും അവിടത്തെ മെറ്റിസ്, ഇന്യൂ, ഫസ്റ്റ് നേഷൻസ് സമുദായങ്ങളിൽ നിന്നുള്ളവരുടെ പ്രതിനിധിസംഘത്തോട് മാർപാപ്പ പറഞ്ഞു.
1831 മുതൽ 1996 വരെ പ്രവർത്തിച്ചിരുന്ന ഈ റസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നര ലക്ഷത്തിലേറെ തദ്ദേശീയ കുട്ടികളെ നിർബന്ധമായി പഠിപ്പിച്ചിരുന്നു. തദ്ദേശീയ സംസ്കാരത്തിന്റെ സ്വാധീനം കുറച്ച് അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളുകളെല്ലാം പിന്നീട് നിർത്തലാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.