വെല്ലിംഗ്ടണ്‍: പുടിന്റെ ശത്രുരാജ്യങ്ങളുടെ ഭൂപടത്തില്‍ ന്യൂസിലന്‍ഡിനെ തെറ്റായ സ്ഥാനത്ത് പ്രതിഷ്ഠിച്ച് അമേസിങ് മാപ്‌സ് എന്ന ജനപ്രിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്. പസഫിക് സമുദ്രത്തിനു പകരം ഇന്ത്യന്‍ മഹാസമുദ്രത്തില്‍, ഓസ്ട്രേലിയയിലെ പെര്‍ത്തിനു സമീപമാണ് ന്യൂസിലന്‍ഡിനെ കാണിച്ചിരിക്കുന്നത്. അതായത് കിഴക്കിനു പകരം ഓസ്ട്രേലിയയുടെ പടിഞ്ഞാറു ഭാഗത്താണ് ന്യൂസിലന്‍ഡിന്റെ സ്ഥാനം.
ഉക്രെയ്ന്‍ യുദ്ധത്തെതുടര്‍ന്ന് വിമര്‍ശനങ്ങളും ഉപരോധങ്ങളും ഏറ്റുവാങ്ങുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ സൗഹൃദ പട്ടികയില്‍നിന്നു പുറത്തായ രാജ്യങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചപ്പോഴാണ് അമേസിങ് മാപ്‌സിന് അമളി പിണഞ്ഞത്. ഇത് ട്വിറ്ററില്‍ പരിഹാസച്ചുവയുള്ള ട്രോളുകള്‍ക്കും വഴിവച്ചിട്ടുണ്ട്.
ചുവപ്പും കറുപ്പും നിറത്തിലാണ് മാപ്പ് തയാറാക്കിയിരിക്കുന്നത്. ചുവപ്പില്‍ പുടിന്റെ ശത്രുക്കളെയും കറുപ്പില്‍ സൗഹൃദ രാജ്യങ്ങളെയുമാണ് കാണിച്ചിരിക്കുന്നത്. വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും പുടിന്റെ ചുവപ്പു പട്ടികയിലുള്ളത്. പ്രതീക്ഷിച്ചിരുന്നതു പോലെ ഇന്ത്യയെ റഷ്യയോട് അനുഭാവമുള്ള കറുപ്പു പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്ക, ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും പുടിന്റെ സൗഹൃദ വലയത്തിലാണ്.
ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ വിവിധ വീക്ഷണകോണിലുള്ള വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭൂപടങ്ങളാണ് അമേസിങ് മാപ്‌സ് അവതരിപ്പിക്കുന്നത്. പലപ്പോഴും ഈ അക്കൗണ്ടിലൂടെ വരുന്ന ലോക ഭൂപടങ്ങളില്‍ ന്യൂസിലാന്‍ഡിനെ കാണിക്കാറേയില്ല. അല്ലെങ്കില്‍ രാജ്യത്തിന്റെ ആകൃതി മാറ്റി പ്രതിഷ്ഠിക്കുന്നു.
'എന്തുകൊണ്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍?' എന്ന അടിക്കുറിപ്പോടെയാണ് ചിലര്‍ ട്വിറ്ററില്‍ ഈ ഭൂപടം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഭൂമി സൂര്യനെ ചുറ്റുന്നതുപോലെയാണ് ന്യൂസിലന്‍ഡ് ഓസ്ട്രേലിയയെ ഭ്രമണം ചെയ്യുന്നതെന്നാണ് ഒരാള്‍ കമന്റിട്ടത്. ഇനി എനിക്ക് പെര്‍ത്തിലേക്കു പോകാന്‍ എളുപ്പമായല്ലോ എന്ന് ഒരു ന്യൂസിലാന്‍ഡ് പൗരനും തമാശ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ചിലര്‍ ഇതിനെ തന്ത്രപരമായ നീക്കമാണെന്ന് പരിഹാസത്തോടെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചാടിയതിനാല്‍ റഷ്യയ്ക്ക് ന്യൂസിലാന്‍ഡിനെ കണ്ടെത്താന്‍ കഴിയില്ലെന്ന് അവര്‍ കുറിച്ചു.
ഭൂപടത്തില്‍ എവിടിരുന്നാലും, ചുവപ്പില്‍ ഉള്‍പ്പെട്ടല്ലോ എന്ന ആശ്വാസമാണ് ചിലര്‍ പങ്കിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.