ഒമാനില്‍ നിന്ന് ആദ്യ തിരുപ്പട്ട സ്വീകരണം; ചരിത്രത്തിന്റെ ഭാഗമായി ഫാ.ഡിക്‌സന്‍ യൂജിന്‍

ഒമാനില്‍ നിന്ന് ആദ്യ തിരുപ്പട്ട സ്വീകരണം; ചരിത്രത്തിന്റെ ഭാഗമായി ഫാ.ഡിക്‌സന്‍ യൂജിന്‍

മസ്‌കറ്റ്: ഇസ്ലാമിക രാഷ്ട്രമായ ഒമാനില്‍ നിന്നൊരു തിരുപ്പട്ട സ്വീകരണം. സലേഷ്യന്‍ സമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രോവിന്‍സ് അംഗമായ ഫാ.ഡിക്‌സന്‍ യൂജിനാണ് ഒമാന്റെ ചരിത്രത്തില്‍ ആദ്യമായി പൗരോഹിത്യ പട്ടം സ്വീകരിച്ചത്.

സതേണ്‍ അറേബ്യന്‍ അപ്പസ്‌തോലിക വികാരിയും നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് പോള്‍ ഹിന്‍ഡറില്‍ നിന്നാണ് ഫാ. ഡിക്‌സന്‍ തിരുപ്പട്ടം സ്വീകരിച്ചത്. ഒമാനില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ഫാ. ഡിക്‌സന്‍. കൊറോണ പകര്‍ച്ച വ്യാധിയെ തുടര്‍ന്നുള്ള പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും തിരുപ്പട്ട സ്വീകരണ ചടങ്ങ് ഏറെ മനോഹരമായിരുന്നുവെന്ന് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പറഞ്ഞു.

ഫാ. ഡിക്‌സന്‍ പള്ളിയിലെ അള്‍ത്താര ബാലനായിരുന്നു. ഇവിടത്തെ സ്‌കൂളില്‍ പഠിച്ച ശേഷമാണ് അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേര്‍ന്നത്. ഇടവകയുടെ ചൈതന്യവും സമൃദ്ധിയുമാണ് ഫാ. ഡിക്‌സനെ പ്രാര്‍ത്ഥനയിലും ഉപവിയിലും ജീവിക്കുവാനും മറ്റുള്ളവരോട് ശ്രദ്ധയും കരുണയും കാണിക്കുവാനും പ്രാപ്തനാക്കിയതെന്ന് പറഞ്ഞ ബിഷപ്പ്, മറ്റ് ചെറുപ്പക്കാരുമായി വര്‍ഷങ്ങളായി അദ്ദേഹം വളര്‍ത്തിയെടുത്ത ബന്ധം സമര്‍പ്പിത ജീവിതം ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാതൃകയാവുമെന്നും കൂട്ടിച്ചേര്‍ത്തു.


ഇന്ത്യ, ഫിലിപ്പീന്‍സ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടുന്ന ഒമാനിലെ പ്രവാസി സഭ ശക്തമായ സാമുദായിക ബോധവും ആത്മീയതയുമുള്ള സഭയാണെന്നും അജപാലക പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരുടേയും ആവശ്യങ്ങള്‍ മാനിക്കുകയെന്നതാണ് ഗള്‍ഫ് സഭ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ബിഷപ്പ് ഹിന്‍ഡര്‍ ചൂണ്ടിക്കാട്ടി.

മസ്‌കറ്റിലെ രണ്ട് ഇടവകകള്‍ക്ക് പുറമേ യു.എ.ഇയോട് അതിര്‍ത്തി പങ്കിടുന്ന മേഖലയിലും മസ്‌കറ്റില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള സലാലയിലുമായി രണ്ടു കത്തോലിക്കാ ഇടവകകള്‍ കൂടി ഒമാനിലുണ്ട്. ഇവയ്ക്ക് രണ്ടിനുമായി ഒരു പുരോഹിതന്‍ മാത്രമാണ് ഉള്ളതെന്നും ഈ ഇടവകാംഗങ്ങളില്‍ ആരും തന്നെ ഒമാന്‍ പൗരന്‍മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.