കീവ്: യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉക്രെയ്‌നില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടു. ഉക്രെയ്ന്‍ ന്യൂസ് വെബ്സൈറ്റില്‍ ജോലി ചെയ്തിരുന്ന ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായ മാക്സിം ലെവിന്‍ ആണു കൊല്ലപ്പെട്ടത്.
റഷ്യന്‍ സൈനികര്‍ ലെവിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. ഉക്രെയ്ന്‍ തലസ്ഥാനമായ കീവിനു വടക്കുള്ള ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും നാല് മക്കളുമുണ്ട്.
1981-ല്‍ ജനിച്ച ലെവിന്‍, റോയിട്ടേഴ്‌സിന്റെ ഡോക്യുമെന്ററി ഫിലിം മേക്കറായിരുന്നു. ഹുട്ട മെഷിഹിര്‍സ്‌ക എന്ന ഗ്രാമത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ലെവിന്‍. പ്രദേശത്ത് റഷ്യയുടെ കനത്ത ഷെല്ലാക്രമണമുണ്ടായിരുന്നു.
റോയിട്ടേഴ്‌സിന് ദീര്‍ഘകാലമായി സംഭാവന നല്‍കിയിരുന്ന മാക്‌സിം ലെവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് റോയിട്ടേഴ്‌സ് വീഡിയോ ആന്‍ഡ് പിക്ചര്‍ ഗ്ലോബല്‍ ഹെഡ് ജോണ്‍ പുള്‍മാന്‍ പറഞ്ഞു. '2013 മുതല്‍ ലെവിന്‍ ഉക്രെയ്‌നില്‍ നിന്ന് റോയിട്ടേഴ്‌സിന് ശ്രദ്ധേയമായ ഫോട്ടോകളും വീഡിയോയും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം പത്രപ്രവര്‍ത്തന രംഗത്തിന് വലിയ നഷ്ടമാണ്. ഞങ്ങള്‍ ലെവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു'-ജോണ്‍ പുള്‍മാന്‍ അനുശോചിച്ചു.
ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം ഉക്രെയ്‌നില്‍ കൊല്ലപ്പെടുന്ന ആറാമത്തെ പത്രപ്രവര്‍ത്തകനാണ് ലെവിനെന്ന് സന്നദ്ധസംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ട്വിറ്ററില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്നും സംഘടന പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.