തെരഞ്ഞെടുപ്പ് നിരീക്ഷണം 34ാം തവണ; പുതിയ റെക്കോര്‍ഡുമായി രാജു നാരായണ സ്വാമി

തെരഞ്ഞെടുപ്പ് നിരീക്ഷണം 34ാം തവണ; പുതിയ റെക്കോര്‍ഡുമായി രാജു നാരായണ സ്വാമി

തിരുവനന്തപുരം: കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി 34ാം തവണയും കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍. മഹാരാഷ്ട്ര കോല്‍ഹാപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലാണ് ഇത്തവണ നിരീക്ഷക വേഷത്തി​ലെത്തുക.

മൂന്നാം തവണയാണ് ഇദ്ദേഹം മഹാരാഷ്ട്രയില്‍ നിരീക്ഷകനാകുന്നത്. സിവില്‍ സര്‍വിസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ ഇദ്ദേഹം കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. മദ്രാസ് ഐ.ഐ.ടിയിലെ റാങ്ക് ഹോള്‍ഡറായ രാജു 16 ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

2018 ലെ സിംബാബ് വേ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ മത്സരിച്ച കുടാല്‍ പോലുള്ള ഹൈ പ്രൊഫൈല്‍ മണ്ഡലങ്ങളിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്‍ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളില്‍ കലക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കറ്റ് ഫെഡ് എം.ഡി, കാര്‍ഷികോല്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അഴിമതിക്കെതിരായ പോരാട്ടം മുന്‍നിര്‍ത്തി 2018ല്‍ ഐ.ഐ.ടി കാണ്‍പൂര്‍ അദ്ദേഹത്തിന് സത്യേന്ദ്ര ദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. 29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003 ല്‍ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ് വരയില്‍" എന്ന യാത്രാവിവരണ ഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.