രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരില്‍

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. കണ്ണൂര്‍ പോലിസ് മൈതാനിയില്‍ ഇന്ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. പോലിസ് മൈതാനിയില്‍ ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അധ്യക്ഷനാവും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നീ മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കണ്ണൂര്‍ നഗരസഭ മേയര്‍ ടി ഒ മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെബി ഗണേഷ്‌കുമാര്‍, കെ പി മോഹനന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ ആശംസ നേരും. എംപിമാരായ കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവര്‍ സംബന്ധിക്കും.

തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊതുജനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ളവര്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മിഥുന്‍ ജയരാജ് അവതരിപ്പിക്കുന്ന 'ശ്രുതി മധുരം' മിഥുന്‍ ജയരാജ് ഷോ അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുമ്പായി വൈകുന്നേരം 4.30ന് ഗ്രാമ്യ നിടുവാലൂര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ട് തുടര്‍ന്ന് കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവ അരങ്ങേറും.

സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 'എന്റെ കേരളം' പ്രദര്‍ശന മേള നടക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.