മുവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെ അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍. പായിപ്ര പഞ്ചായത്തില്‍ വല്യപറമ്പിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഒരു ലക്ഷം രൂപയാണ് അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തത്. എന്നാല്‍ അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍. വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പായിപ്ര പഞ്ചായത്തിലെ നാട്ടുകാരും ചേര്‍ന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി. ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. പണം അടയ്ക്കാന്‍ കുടുംബത്തിന് സാവകാശം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
42 കാരനായ അജേഷ് ഫോട്ടോഗ്രാഫറാണ്. കോവിഡാണ് ഈ ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയത് . നാല് വര്‍ഷം മുമ്പ് സ്റ്റുഡിയോ തുടങ്ങുന്നതിനായിട്ടാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നുത്. സുഹൃത്തുക്കളുടെ സഹായത്തോടെ കാമറയും അനുബന്ധ സംവിധാനങ്ങളും ഒരുക്കി. പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചു. തുടര്‍ച്ചയായി അറ്റാക്കുകള്‍ ഉണ്ടായി. വലിയൊരുസംഖ്യ ആശുപത്രികളില്‍ ചെലവായി.
കോവിഡ് എത്തിയതോടെ എല്ലാ പ്രതീക്ഷയും നശിച്ചു. കടബാധ്യതകള്‍ കൂടി വന്നു ഇതോടെ ലോണ്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നു എന്ന് അജേഷ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.