വേദപാരംഗതനും സ്പാനിഷ് മെത്രാനുമായിരുന്ന വിശുദ്ധ ഇസിദോര്‍

വേദപാരംഗതനും സ്പാനിഷ് മെത്രാനുമായിരുന്ന വിശുദ്ധ ഇസിദോര്‍

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 04

സ്പാനിഷ് സംസ്‌കാരത്തിന്റെ പ്രധാന പ്രതിനിധിയും പേരുകേട്ട ചരിത്രകാരനും പണ്ഡിതനുമായ ഇസിദോര്‍ സ്‌പെയിനില്‍ ഏറ്റവും കൂടുതലായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ്. സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന്‍ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. സെവേരിയാന-തിയോഡോറ ദമ്പതികളുടെ മകനായി കാര്‍ത്താജേന എന്ന പട്ടണത്തിലായിരുന്നു ജനനം.

ഇസിദോറിന്റെ സഹോദരന്‍മാരായിരുന്ന ലിയാണ്ടറും ഫുള്‍ജെന്‍സിയൂസും പുണ്യവാന്‍മാരാണ്. സഹോദരി ഫ്‌ളോരെന്തീന പുണ്യവതിയുമാണ്. ഈ സഹോദരി ആവശ്യപ്പെട്ട പ്രകാരമാണ് പ്രശസ്തമായ 'കത്തോലിക്കാ വിശ്വാസം' എന്ന ഗ്രന്ഥം ഇസിദോര്‍ എഴുതിയത്.

സഭാ സേവനത്തിനുള്ള യോഗ്യത യുവത്വത്തില്‍ തന്നെ നേടിയിരുന്ന ഇസിദോര്‍ സെവില്ലേയിലെ മെത്രാപ്പോലീത്തയായിരുന്ന തന്റെ സഹോദരനായ ലിയാണ്ടറിനെ മതവിരുദ്ധ വാദികളായ വിസിഗോത്തുകളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ സഹായിച്ചു പോന്നു.

രാജാക്കന്‍മാരായിരുന്ന റിക്കാര്‍ഡ്, ലിയൂബാ, വിറ്റെറിക്ക്, ഗുണ്ടര്‍മാര്‍, സിസെബട്ട് തുടങ്ങിയവരുടെ ഭരണകാലങ്ങളില്‍ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 600 ല്‍ വിശുദ്ധ ലിയാണ്ടറിന്റെ നിര്യാണത്തോടെ 601 ല്‍ സെവില്ലേയിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. തന്റെ നിരന്തരമായ പ്രയത്‌നത്തിലൂടെ അദ്ദേഹം സ്‌പെയിനിലെ സഭയില്‍ അച്ചടക്കം വീണ്ടെടുക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.

619 ല്‍ വിശുദ്ധന്‍ അധ്യക്ഷനായ സെവില്ലേ സമ്മേളനത്തില്‍ ഒരു പൊതുവാദത്തിലൂടെ അദ്ദേഹം സിറിയയില്‍ നിന്നും വന്ന അസെഫാലിയിലെ മെത്രാനായിരുന്ന ഗ്രിഗറി പിന്തുടര്‍ന്നിരുന്ന യൂട്ടിച്ചിയന്‍ സിദ്ധാന്തത്തെ എതിര്‍ക്കുകയും അത് തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്ഥലത്തു വെച്ച് തന്നെ ഗ്രിഗറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

വിശുദ്ധ ഇസിദോര്‍ തന്റെ പ്രയത്‌നങ്ങളുടെ നേട്ടങ്ങള്‍ ഭാവിതലമുറകള്‍ക്ക് വേണ്ടി സൂക്ഷിച്ചിരുന്നു. അദ്ദേഹം നിരവധി ഉപകാര പ്രദമായ രചനകള്‍ നടത്തിയിട്ടുണ്ട്. ഇസിദോര്‍ ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു എന്നീ ഭാഷകള്‍ വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നുവെന്നും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ എഴുപത്താറാമത്തെ വയസില്‍ 636 ഏപ്രില്‍ നാലിന് വിശുദ്ധ ഇസിദോര്‍ ദിവംഗതനായി. വിശുദ്ധന്റെ മരണത്തിന് പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ടോള്‍ഡോയില്‍ കൂടിയ വിശ്വാസികളുടെ എട്ടാമത്തെ മഹാ സമ്മേളത്തില്‍ 'മികച്ച വേദപാരംഗതന്‍, കത്തോലിക്കാ സഭയുടെ ആഭരണം, ഏറ്റവും അറിവുള്ള മനുഷ്യന്‍, പില്‍ക്കാല ജനതകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ വിശിഷ്ട വ്യക്തിത്വം' എന്നിങ്ങനെയൊക്കെയായിരുന്നു വിശുദ്ധനെ വിശേഷിപ്പിച്ചിരുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറീന്‍

2. ഏഥെന്‍ ബുര്‍ഗാ

3. കാതറിന്‍ തോമസ്

4. കോര്‍ബിയയിലെ ജൊറാള്‍ഡ്

5. മൊന്തെകൊര്‍വീനോയിലെ ആല്‍ബെര്‍ട്ട്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26