കൊളംബോ: പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് പിന്നാലെ എല്ലാ ക്യാബിനറ്റ് മന്ത്രിമാരും രാജി വച്ചു. ഇന്നലെ രാത്രി അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രിമാരെല്ലാം കൂട്ടരാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമല്‍ രാജപക്സെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു.
എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയും സഹോദരന്‍ കൂടിയായ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് രാജി.
ഇടക്കാല പ്രധാനമന്ത്രിയായി യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായേക്കുമെന്നാണ് വിവരം. നിലവിലെ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ പ്രസിഡന്റായി തുടരുകയും ചെയ്യും. മുമ്പ് നാലു വട്ടം പ്രധാനമന്ത്രിയായിട്ടുള്ള വിക്രമസിംഗെ ഇന്ത്യയുടെ അടുത്ത സുഹൃത്തായിട്ടാണ് അറിയപ്പെടുന്നത്. ചൈനീസ് വിധേയത്വമല്ല ഇന്ത്യയുടെ സൗഹൃദമാണ് പ്രധാനമെന്ന പക്ഷക്കാരനാണ് അദേഹം.
അതേസമയം രാജ്യത്ത് പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സര്‍ക്കാരിനെതിരേ ജനങ്ങളെല്ലാം തെരുവിലാണ്. കര്‍ഫ്യൂ ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയില്‍ വിദ്യാര്‍ഥി പ്രതിഷേധം തടയാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. കാന്‍ഡി നഗരത്തിലും വിദ്യാര്‍ഥി പ്രക്ഷോഭം അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ കൊളംബോയില്‍ എംപിമാര്‍ മാര്‍ച്ച് നടത്തി.
പ്രസിഡന്റ് വസതിക്കു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ കയറി പ്രതിഷേധക്കാരിലൊരാള്‍ ജീവനൊടുക്കി. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ശ്രീലങ്കക്കാര്‍ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത സമൂഹമാധ്യമ ഗ്രൂപ്പുകളുടെ അഡ്മിന്‍ അനുരുദ്ധ ബണ്ടാരയെ ജാമ്യത്തില്‍ വിട്ടയച്ചു.
സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്നലെ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും 15 മണിക്കൂറിനു ശേഷം വിലക്ക് പിന്‍വലിച്ചു. ഫെയ്‌സ്ബുക്, വാട്‌സാപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജ വിവരങ്ങള്‍ തടയാനെന്ന പേരില്‍ ഇന്നലെ പുലര്‍ച്ചെ വിലക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.