'ഫ്രാന്‍സിസ് പാപ്പ എത്രയും വേഗം ഉക്രെയ്‌നിലേക്ക് വരണം': ആഗ്രഹം പങ്കുവച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്

'ഫ്രാന്‍സിസ് പാപ്പ എത്രയും വേഗം ഉക്രെയ്‌നിലേക്ക് വരണം': ആഗ്രഹം പങ്കുവച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്

കീവ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഉടന്‍ ഉക്രെയ്ന്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉക്രെയ്‌നിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്.

യുദ്ധക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഉക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാപ്പ എത്രയും വേഗം ഉക്രെയ്‌നിലേക്ക് വരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പ്രാദേശിക കത്തോലിക്കാ സഭയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിശുദ്ധ പിതാവിന്റെ ഉക്രെയ്ന്‍ സന്ദര്‍ശനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് ഇന്നലെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ യാത്രയുടെ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് ഈ മാസം ആദ്യം ഉക്രെയ്‌നിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് വിശ്വല്‍ദാസ് കുല്‍ബോക്കാസ് പറഞ്ഞിരിന്നു.

എന്നാല്‍ പൂര്‍ണ തോതിലുള്ള റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഉക്രെയ്‌നില്‍ പൊതുസമ്മേളനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 22 ന് നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി മാര്‍പാപ്പയെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.

റഷ്യ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ഉക്രെയ്‌നില്‍ പ്രധാനമായും ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളാണുള്ളത്. രാജ്യത്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയിലെ അംഗങ്ങളും ലാറ്റിന്‍, റുഥേനിയന്‍, അര്‍മേനിയന്‍ കത്തോലിക്കരും അടങ്ങുന്ന വിശ്വാസി സമൂഹവുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.