ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദം 'എക്‌സ് ഇ' ഇന്ത്യയില്‍ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍ വൃത്തങ്ങള്‍. പുതിയ വകഭേദം ഇന്ത്യയില്‍ എത്തിയെന്നതിന് തെളിവുകളില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ലഭിച്ച തെളിവുകളില്‍ നിന്ന് ഒമിക്രോണ്‍ വൈറസിന്റെ എക്‌സ് ഇ വകഭേദം ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായി അതീതീവ്ര വ്യാപനശേഷിയുള്ള പുതിയ വകഭേദമായ എക്സ് ഇ വേരിയന്റ് കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എക്സ് ഇ വകഭേദം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പിളിന് ഈ വകഭേദത്തിന് സമാനമായ ജനിതക ഘടനയില്ലെന്ന് വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗിലെ വിദഗ്ധര്‍ പറഞ്ഞു. വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ആഫ്രിക്കയില്‍ നിന്നെത്തിയ കോസ്റ്റ്യൂം ഡിസൈനറായ 50 വയസുകാരിക്ക് ഒമിക്രോണ്‍ എക്സ്ഇ സ്ഥിരീകരിച്ചെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി) പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഈ വകഭേദം എക്സ്ഇ അല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
ജീനോം പഠനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം രൂപീകരിച്ച ഇന്ത്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോഷ്യം നടത്തിയ പരിശോധനയിലാണ് മുംബൈയിലേത് എക്സ്ഇ വകഭേദമല്ലെന്ന് വ്യക്തമാക്കിയത്.
ഒമിക്രോണിനെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ്ഇ. ബ്രിട്ടണിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. ഒമിക്രോണ്‍ ബിഎ 1, ബിഎ 2 വകഭേദങ്ങള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് എക്സ്ഇ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.