സിന്ധുവിന്റെ ആത്മഹത്യ: വകുപ്പുതല അന്വേഷണം ആരംഭിച്ചു; ജോയന്റ് ആര്‍.ടി.ഒയെ വിളിച്ചു വരുത്തും

സിന്ധുവിന്റെ ആത്മഹത്യ: വകുപ്പുതല അന്വേഷണം ആരംഭിച്ചു; ജോയന്റ് ആര്‍.ടി.ഒയെ വിളിച്ചു വരുത്തും

മാനന്തവാടി: സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോയന്റ് ആര്‍.ടി.ഒയെ വിളിച്ച് വരുത്തും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ വിനോദ് കൃഷ്ണയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്. ഓഫീസിലെ അവസ്ഥയെ കുറിച്ച് സിന്ധുവിന്റെ നേരിട്ടുള്ള പരാതി ലഭിച്ചിരുന്നുവെന്ന് വയനാട് ആര്‍.ടി.ഒ ഇ. മോഹന്‍ ദാസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ജോയിന്റ് ആര്‍.ടി.ഒയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്.

മാനന്തവാടി സബ് ആര്‍.ടി ഓഫീസില്‍ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നായിരുന്നു സിന്ധു നേരിട്ടെത്തി ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതി നല്‍കിരുന്നില്ലെന്നും ആര്‍.ടി.ഒ അറിയിച്ചിട്ടുണ്ട്. സിന്ധു മരിക്കുന്നതിന്റെ മൂന്ന് ദിവസം മുന്‍പാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ ആര്‍.ടി ഓഫീസില്‍ എത്തിയത്.

മാനന്തവാടി ഓഫീസിലെ അവസ്ഥകളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള 23 പേജ് ഡയറിയും കുറിപ്പുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന് ഓഫീസില്‍ മാനസിക പീഡനമുണ്ടായെന്ന് ഇന്നലെ ബന്ധുക്കളും ആരോപിച്ചിരുന്നു. കൈക്കൂലിക്ക് കൂട്ടു നില്‍ക്കാത്തതിനാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം സിന്ധുവിന് ഉണ്ടായിരുന്നു.

താന്‍ കൈകാര്യം ചെയ്തിരുന്ന ചില ഫയലുകള്‍ കാണാതായിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഓഫീസില്‍ ഒരു തരത്തിലുമുള്ള പ്രശ്നവും സിന്ധുവിന് ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞത്. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയന്റ് കമ്മീണര്‍ ഇന്ന് കല്‍പറ്റയിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.