കൊച്ചി: സില്‍വര്‍ ലൈന്‍ സാമൂഹ്യാഘാത പഠനത്തിനായി നല്‍കുന്ന ചോദ്യാവലിയില്‍ ആകെ ആശയക്കുഴപ്പം. പദ്ധതിയുടെ ഭാഗമായി ഓരോരുത്തരില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് ശേഷം ജനങ്ങളുടെ കൈവശം ബാക്കിയുള്ള ഭൂമി എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിലാണ് അവ്യക്തത. ഇത് കൈവശം വയ്ക്കുമോ അതോ സര്‍ക്കാരിന് വിട്ടുനല്‍കുമോ എന്നാണ് ചോദ്യാവലിയില്‍ ഏജന്‍സികള്‍ ജനങ്ങളോട് ചോദിക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് പുറത്തുള്ള 10 മീറ്റര്‍ ബഫര്‍ സോണാണ്. ആരുടെ കൈവശമാണോ ഈ ഭൂമി അവര്‍ക്കു തന്നെയാണ് ബഫര്‍ സോണിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം. എന്നാല്‍ ഇതില്‍ അഞ്ച് മീറ്റര്‍ സ്ഥലത്തു മാത്രമാണ് ഉടമയ്ക്ക് എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്താനാവുക. അതിനു അനുമതിയും വേണം. ബാക്കിയുള്ള അഞ്ച് മീറ്ററില്‍ യാതൊരുവിധ നിര്‍മാണവും സാധിക്കില്ല. ഇക്കാര്യം കെ റെയില്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിക്ക് മാത്രമാണ് പണം നല്‍കുകയെന്നും ഇതിനു പുറത്തുള്ള ബഫര്‍ സോണ്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉള്‍പ്പെടില്ലെന്നുമാണ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിന് വിരുധമായാണ് ഇപ്പോള്‍ ചോദ്യാവലിയില്‍ ബാക്കിയുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണോ എന്ന ചോദ്യം കടന്നുകൂടിയത്. ഇതോടൊപ്പം ബദല്‍ പദ്ധതി നിര്‍ദേശിക്കാനുള്ള ചോദ്യവും ചോദ്യാവലിയിലുണ്ട്.
സാമൂഹികാഘാത പഠനത്തിനായി എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ഫോര്‍മാറ്റ് ഉണ്ടാക്കി ഏജന്‍സികള്‍ക്ക് നല്‍കിയത് കെ റെയില്‍ തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ ചോദ്യാവലി പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്.
സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി ബഫര്‍ സോണിലുള്ള സ്ഥലത്തും അതിന് പുറത്തുമുള്ള പ്രത്യാഘാതം പഠിക്കുമെന്ന് ഏജന്‍സി വ്യക്തമാക്കുന്നുണ്ട്. പദ്ധതി മൂലം നേരിട്ടും അല്ലാതെയും ഉണ്ടാകുന്ന പ്രത്യാഘാതവും എല്ലാവരുടെയും പ്രയാസങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കെവിഎച്ച്എസ് ഡയറക്ടര്‍ സജു ഇട്ടി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.