'ഒരു ജനതയെ കണ്ണീരിലാഴ്ത്തി ആകരുത് വികസനം': ക്രൈസ്തവസഭ ഒരിക്കലും വികസന വിരോധികളല്ലെന്ന് മാര്‍ തോമസ് തറയില്‍

'ഒരു ജനതയെ കണ്ണീരിലാഴ്ത്തി ആകരുത് വികസനം': ക്രൈസ്തവസഭ ഒരിക്കലും വികസന വിരോധികളല്ലെന്ന് മാര്‍ തോമസ് തറയില്‍

''തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുവേണ്ടി ബിഷപ് ഹൗസ് ഉള്‍പ്പടെ വിട്ടുകൊടുത്ത പാരമ്പര്യമാണ് സഭയ്ക്കുള്ളത്. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് പള്ളികള്‍ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്''

കോട്ടയം: ക്രൈസ്തവ സഭ ഒരിക്കലും വികസന വിരോധികളല്ലെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. വികസനത്തിനുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുള്ള പാരമ്പര്യമാണ് സഭയ്ക്കുള്ളത്. ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകും. പൊതു സ്ഥാപനങ്ങള്‍ക്കു വേണ്ടി സ്ഥലങ്ങള്‍ വിട്ടുകൊടുത്ത പാരമ്പര്യമാണ് ക്രൈസ്തവ സഭയ്ക്കുള്ളത്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുവേണ്ടി ബിഷപ് ഹൗസ് ഉള്‍പ്പടെ വിട്ടുകൊടുത്തത് സഭയാണെന്നും അദ്ദേഹം പറഞ്ഞു. സീ ന്യുസ് ലൈവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.

ഓരോ പട്ടണങ്ങളിലും സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് പള്ളികള്‍ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. അതില്‍ സഭയ്ക്ക് അഭിമാനമേ ഉള്ളു. വികസനത്തെ സഭ ഒരിക്കലും എതിര്‍ക്കുന്നില്ല. കേരളത്തിന് ആവശ്യമായ വികസനം എന്താണെന്ന് മനസിലാക്കി അതാണ് നടപ്പിലാക്കേണ്ടതെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ലോകത്തിലെ ചില വലിയ നഗരങ്ങളില്‍ മെട്രോ ട്രെയിനുകള്‍ ഇല്ല. അവിടുത്തെ പരിസ്ഥിതി അതിന് പറ്റിയതല്ലായെന്നാണ് അവര്‍ അതിന് പറയുന്ന കാരണം.

കേരളം ഒരു പരിസ്ഥിതി ലോല പ്രദേശമാണ്. പരിസ്ഥി ലോല പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യുന്നതിന്റെ ഭാഗമായി നിരവധി ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു. ഒപ്പം മനുഷ്യ ജീവിതം ദുസഹമാകുന്നു. ഇപ്പോള്‍ അമ്പൂരി മേഖലകളൊക്കെ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയുമായി വരുന്നു. ഒരു ട്രെയിന്‍ മര്യാദയ്ക്ക് ഓടിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ എന്തിനാണ് കെ റെയിലുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൃത്യസമയത്ത് ട്രെയിനുകള്‍ ഓടിച്ചാല്‍ എത്രയോ ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. എന്തുകൊണ്ടാണ് നമ്മുടെ റെയില്‍വെയുടെ വികസനം ഒച്ചിഴയുന്ന വേഗത്തില്‍ പോകുന്നത്. മൂന്നു വര്‍ഷം കൊണ്ട് ഇത്രയധികം കിലോമീറ്ററുകളുള്ള കെ റെയില്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞാല്‍ ലക്ഷ്യം വികസനം തന്നെയാണോ എന്ന് സംശയിച്ചു പോകുന്നതില്‍ തെറ്റില്ല. അതുകൊണ്ടാണ് കെ റെയില്‍ എന്ന പദ്ധതിയെ എതിര്‍ക്കുന്നതിനേക്കാളും അതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ നമ്മള്‍ പരിഗണിക്കണമെന്ന് പറയുന്നത്.

കേരളത്തിലെ ഇടത്തരക്കാരയ ആളുകള്‍ ഒരുപാട് കഷ്ടപ്പാടിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തികവും സാമൂഹികവുമായി ഒരുപാട് കഷ്ടപ്പെടുന്നവര്‍. അവരോടെല്ലാം അവിടെ നിന്നും ഇറങ്ങിപ്പൊയ്ക്കോളൂ എന്ന് പറയുകയും നാലിരട്ടി തിരികെ തരുമെന്ന് പറയുകയും ചെയ്യുന്നതല്ലാതെ, എപ്പോള്‍ കൊടുക്കുമെന്നോ എങ്ങനെ കൊടുക്കുമെന്നോ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. ഇതൊക്കെ അവര്‍ മടക്കി നല്‍കമോ?

ഇക്കാര്യത്തില്‍ എന്താണ് ഉറപ്പ്. ഈ വാഗ്ദാനം ചെയ്യുന്ന പണം വാങ്ങാന്‍ ജനങ്ങള്‍ എത്രമാത്രം കഷ്ടപ്പെടണം. ഇത്തരം കാര്യങ്ങളിലൊന്നും കൃത്യസമയത്ത് പണം കിട്ടിയ ചരിത്രം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങളില്‍ ജനങ്ങളുടെ നന്മ കൂടി കണക്കാക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ജനസമൂഹത്തെ മുഴുവന്‍ അവരുടെ ആവാസ കേന്ദ്രത്തില്‍ നിന്നും ഇറക്കി വിടുന്ന രീതി ഒരിക്കലും ശരിയല്ല. വികസന പകരമായി മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും. ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കാം, മാന്യമായ വേതനം നല്‍കാം. നല്ല വേതനം ലഭ്യമാകാനായി സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പാക്കാന്‍ നമുക്ക് സാധിക്കും. അതിനുള്ള നടപടികള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും ബിഷപ്പ് ചോദിച്ചു.

നല്ല റോഡുകള്‍, നിലവിലുള്ള റെയില്‍വെയുടെ വികസനം അങ്ങനെ നിരവധി കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിക്കും. അത് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും. സഭ അതിനോടൊപ്പം നില്‍ക്കുകയും ചെയ്യും. ഒരു ജനതയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയുള്ള വികസനം വേണോ എന്ന് ചിന്തിക്കണം. അത് വിശ്വസിച്ച് ഭരണം ഏല്‍പ്പിച്ചവരോടുള്ള സര്‍ക്കാരിന്റെ കടമയാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.