ഓൺലൈൻ തട്ടിപ്പ് നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ഓൺലൈൻ തട്ടിപ്പ് നൈജീരിയൻ സ്വദേശി അറസ്റ്റിൽ

പൂനെ: വിളപ്പിൽശാല സ്വദേശിനിയിൽനിന്ന്‌ 64 ലക്ഷം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. നൈജീരിയൻ സ്വദേശിയായ കിങ്‌സ്‌ലി ജോൺസൻ ചക്വാച്ച (38)യെ പൂനെയിൽനിന്നും തിരുവനന്തപുരം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.


ചാരിറ്റി പ്രവർത്തനങ്ങൾക്കെന്ന പേരിൽ വിദേശ ബാങ്കിൽ നിന്നും കോടിക്കണക്കിനു ഡോളർ വാഗ്ദാനം ചെയ്ത ശേഷം ഈ തുക ട്രാൻസ്ഫർ ചെയ്യാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് 64 ലക്ഷം രൂപ തട്ടിയെടുത്തത്.തട്ടിപ്പിന് ഉപയോഗിച്ച രേഖകളുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്.

ബ്രിട്ടനിലെ സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഇ-മെയിൽ, ഫോൺ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മുഖേനെയാണ് പരാതിക്കാരിയുമായി ബന്ധപ്പെട്ടത്. സാമൂഹിക, ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി വിദേശ ബാങ്കിൽനിന്നും വൻ തുക പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്‌തെന്ന്‌ പറഞ്ഞ് പറ്റിച്ചാണ്‌ തട്ടിപ്പ്‌ തുടങ്ങുന്നത്‌.

പിന്നീട്‌ അക്കൗണ്ടിലേക്ക്‌ ഇത്രയും തുക വന്നതിനാൽ ടാക്‌സ്‌ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇൻകം ടാക്‌സ്‌, മറ്റ്‌ ഉദ്യോഗസ്ഥർ തുടങ്ങിയ വ്യാജേനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പരാതിക്കാരിയിൽനിന്നും 64 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടുകളിലേക്കു മാറ്റിയത്‌.


നിരവധി എ.ടി.എം. കാർഡുകളും ക്രെഡിറ്റ് കാർഡുകളും വിവിധ ബാങ്കുകളിലെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും ഇയാളിൽനിന്നു പിടിച്ചെടുത്തു. കേസിലെ മറ്റൊരു പ്രതിയായ മലൈക്ക മാർഷൽ ഫ്രാൻസിസിനെ പുണെ ചിഞ്ചുവാഡിൽനിന്നും കഴിഞ്ഞ മാസം സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുംബൈ, പുണെ എന്നിവിടങ്ങളിൽ പോലീസ് സംഘം ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചക്വാച്ച അറസ്റ്റിലാകുന്നത്.

നേരത്തെ അറസ്റ്റിലായ മലൈക്കയുമായി ചേർന്ന് നിരവധി ബാങ്കുകളിൽ വ്യാജ വിലാസങ്ങളിലെടുത്ത അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. തട്ടിയെടുത്ത പണം നൈജീരിയയിലേക്കു കടത്തിയതായും അറിയാൻ കഴിഞ്ഞു.

തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രതീഷ് ജി.എസ്.‌, സബ് ഇൻസ്‌പെക്ടർ ഷംഷാദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിമൽ കുമാർ, ശ്യാംകുമാർ, അദീൻ അശോക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.