റോട്ടര്‍ഡാമം: യുദ്ധക്കെടുതിയെ തുടര്‍ന്ന് ഉക്രെയിനില്‍ നിന്നു പലായനം ചെയ്യപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അഭയമൊരുക്കി ഹോളണ്ട് അമേരിക്ക ലൈന്‍സിന്റെ വൊലെന്‍ഡം എന്ന ആഢംബരക്കപ്പല്‍. ഡച്ച് നഗരമായ റോട്ടര്‍ഡാമില്‍ നങ്കൂരമിട്ട 237 മീറ്റര്‍ നീളവും 10 ഡെക്കുമുള്ള കപ്പലില്‍ 1,500 ഉക്രെനിയക്കാര്‍ക്കാണ് താല്‍ക്കാലിക അഭയം നല്‍കുന്നത്. ഏപ്രില്‍ അഞ്ചു മുതല്‍ അഭയാര്‍ത്ഥികളെ പ്രവേശിപ്പിച്ചു തുടങ്ങിയ കപ്പലില്‍ ഇതിനോടകം തന്നെ നൂറിലേറെ പേര്‍ പ്രവേശിച്ചുകഴിഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ട 50,000 ഉക്രെനിയക്കാരെ താമസിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഡച്ച് സര്‍ക്കാര്‍ ഇതിനു സൗകര്യം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. നഗരത്തിലെ ഹോട്ടല്‍ മുറികള്‍ നിറഞ്ഞതോടെ അഭയകേന്ദ്രം ഒരുക്കുകയെന്നത് സര്‍ക്കാരിന് ബുദ്ധിമുട്ടായി. ഇതിനിടെയാണ് റോട്ടര്‍ഡാമിലെ മാസ് നദിയിലെ കാര്‍ഗോ തുറമുഖമായ മെര്‍വെഹേവനില്‍ നങ്കൂരമിട്ടുകിടന്ന വൊലെന്‍ഡം ക്രൂയിസ്ഷിപ്പ് അധികൃതരെ സര്‍ക്കാര്‍ സമീപിച്ചത്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച സര്‍വീസ് ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ കപ്പലിലെ കിടപ്പുമുറികള്‍ വിട്ടു നല്‍കാന്‍ കമ്പനി സന്നദ്ധരാകുകയായിരുന്നു.
മെയില്‍ പാസഞ്ചര്‍ സെയിലിംഗുകളിലേക്ക് ഷെഡ്യൂള്‍ ചെയ്ത് യാത്രയ്ക്ക് തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതിനാല്‍ കപ്പല്‍ പൂര്‍ണ്ണമായും ക്രൂവായിരുന്നു. കപ്പലില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് നേരം ഭക്ഷണവും കുടിവെള്ളവും ഇവര്‍ നല്‍കുന്നുണ്ട്. കൂടാതെ ഹൗസ് കീപ്പിംഗ് സേവനങ്ങള്‍, വൈ-ഫൈ, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയുള്‍പ്പെടെ കപ്പലിന്റെ വിവിധ സൗകര്യങ്ങള്‍ ഉപയോഗിക്കാനും അനുവാദമുണ്ട്. അഭയാര്‍ഥികള്‍ തങ്ങള്‍ക്ക് അതിഥികള്‍ പോലെയാണെന്നും സ്വന്തം വീട്ടിലേക്ക് എന്ന പോലെ ഏറ്റവും മാന്യമായ സ്വീകരണം അവര്‍ക്ക് നല്‍കുമെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ റയാന്‍ വിറ്റേക്കര്‍ പറഞ്ഞു.
മൂന്ന് മാസത്തെ ചാര്‍ട്ടറിന്റെ മുഴുവന്‍ സമയവും വോലെന്‍ഡം മെര്‍വെഹേവനില്‍ നങ്കൂരമിടും. അഭയാര്‍ഥികള്‍ക്ക് കപ്പലില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഇറങ്ങാം. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതുള്‍പ്പെടെ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സാല്‍വേഷന്‍ ആര്‍മി, പ്രാദേശിക സാമൂഹിക സംഘടനകള്‍ എന്നിവര്‍ വഴി അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിചരണവും നല്‍കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അഭയാര്‍ത്ഥികളെ കപ്പലില്‍ താമസിപ്പിച്ചിരിക്കുന്നത്. കപ്പലിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കപ്പലില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി കോവിഡ് പരിശോധന നടത്തും. കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റും. കോവിഡ് പ്രതിരോധ കുത്തിവയ്പ്പും കപ്പലില്‍ ലഭ്യമാക്കുന്നുണ്ടെന്ന് കപ്പല്‍കമ്പനി വക്താക്കള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.